മഞ്ചേരി ജാമിഅ ഇസ്‌ലാമിയ 20ാം വാര്‍ഷികം ആഘോഷിക്കുന്നു

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരക്കുന്ന് ജാമിഅ ഇസ്‌ലാമിയ വിദ്യാഭ്യാസ സമുച്ചയം വിപുലമായ പരിപാടികളോടെ 20ാം വാര്‍ഷികം ആഘോഷിക്കുന്നു. കെ.ജി മുതല്‍ പ്ലസ്ടുവരെ അംഗീകൃത സ്‌കൂള്‍, യതീംഖാന, അഗതിമന്ദിരം, മാതൃക ദര്‍സ്, ജൂനിയര്‍ ശരീഅത്ത് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ 600 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
സാമൂഹിക ഇടപെടലുകള്‍, പരിസ്ഥിതി ബോധവത്കരണം എന്നിവയിലൂന്നിയ ഒരുവര്‍ഷത്തെ പരിപാടികള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കും. അധ്യാപക, രക്ഷാകര്‍തൃ, വിദ്യാര്‍ഥിസംഗമങ്ങള്‍, മുഅല്ലിം, മഹല്ല്, മാനേജ്‌മെന്റ് സമ്മേളനങ്ങള്‍, വനിത മതപഠനവേദി, വിദ്യാഭ്യാസ സെമിനാര്‍, ഹോസ്റ്റല്‍ ഉദ്ഘാടനം, മരം നടീല്‍, പരിസ്ഥിതി പഠനയാത്ര, വിഭവസമാഹരണം, സമൂഹസമ്പര്‍ക്ക ക്യാമ്പുകള്‍ എന്നിവയുണ്ട്.
ജനവരി 29ന് ഉദ്ഘാടനം, ഡിസംബര്‍ 11ന് സമാപനം എന്നിവ നടക്കും. ജനവരി ഏഴിന് സ്വാഗതസംഘം രൂപവത്കരണം ജാമിഅ ഇസ്‌ലാമിയ ഓഡിറ്റോറിയത്തില്‍ നടക്കും. ആലോചനായോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു.