SYS ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി

ജിദ്ദ : കേരളീയ മുസ്‍ലിം സമൂഹത്തിന്‍റെ ഇസ്‍ലാമിക ചൈതന്യം മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാണെന്നും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നമുക്കുണ്ടായ പുരോഗതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രവാസികള്‍ക്കുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേശ-ഭാഷകള്‍ക്കതീതമായി ഹാജിമാരെ സഹായിക്കുന്ന പ്രവര്‍ത്തനം വളരെയധികം പുണ്യമുള്ളതാണെന്നും ഇത്തരം മേഖലകളില്‍ മലയാളികള്‍ കാണിക്കുന്ന ഉത്സാഹം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ സുന്നി നേതാക്കള്‍ക്ക് ജിദ്ദാ എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പ് അദ്ധ്യക്ഷത വഹിച്ചു. ധാര്‍മ്മിക വിദ്യാഭ്യാസ രംഗം ശോഷിച്ച് വരികയാണെന്നും ഈ രംഗത്തെ മൂല്യ ശോഷണം തടയാന്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചില്ലായെങ്കില്‍ അതിവിദൂരമല്ലാത്ത കാലഘട്ടത്തില്‍ തന്നെ വന്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.

ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഡോ. നാട്ടിക മുഹമ്മദലി, കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ടി.എച്ച്. ദാരിമി, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലംപാടി നന്ദിയും പറഞ്ഞു.
-മജീദ് പുകയൂര്‍-