ഹദീസിലൂടെ

അബൂഹുറൈറയില്‍ നിന്ന് നിവേദനം. അള്ളാഹുവിന്‍റെ ദൂതര്‍ (സ്വ) പറയുന്നു. അള്ളാഹുവില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ച് ആത്മാര്‍ത്ഥമായി ഒരാള്‍ ഒരു വ്യക്തിയുടെ മയ്യിത്തിനെ പിന്തുടരുകയും നിസ്കാരം കഴിഞ്ഞ് മയ്യിത്തിനെ മറവ് ചെയ്യപ്പെടുന്നത് വരെ കൂടെത്തന്നെ ഉണ്ടാവുകയും ചെയ്താല്‍ തീര്‍ച്ചയായും രണ്ട് കീറാത്ത് (ഒരു അളവ്) കൂലിയുമായാണ് അവന്‍ മടങ്ങുന്നത്. ഓരോ ഖീറാത്തും ഉഹ്ദ് മലയോളം പോന്നതാണ്. മയ്യിത്തിന്‍റെ പേരില്‍ നിസ്കരിച്ച് മറവ് ചെയ്യപ്പെടുന്നതിന്‍റെ മുന്പ് തന്നെ അവര്‍ മടങ്ങുന്നുവെങ്കില്‍ അവന്‍ ഒരു ഖിറാത്ത് കൂലിയുമായും മടങ്ങുന്നു. (സ്വഹീഹുല്‍ ബുഖാരി, ഹദീസ് നന്പര്‍ 47)

തന്‍റെ മുസ്‍ലിം സഹോദരങ്ങള്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവന്‍റെ മയ്യിത്ത് പരിപാലനത്തില്‍ സജീവ പങ്കാളിയാവുക എന്നത് ഒരു സാമൂഹ്യ ബാദ്ധ്യതയെന്നതിലുപരി പ്രതിഫലം നല്‍കപ്പെടുന്ന ഒരു പുണ്യ കര്‍മ്മമായാണ് ഇസ്‍ലാം ദര്‍ശിക്കുന്നത്. ഇത്തരത്തിലുള്ള ഇസ്‍ലാമിക വീക്ഷണമാണ് ഇസ്‍ലാമിക സമൂഹത്തിലെ കെട്ടുറപ്പിന്‍റെ അടിത്തറയായി വര്‍ത്തിക്കുന്നത്. മരണപ്പെട്ട വ്യക്തികളുടെ ബന്ധുക്കള്‍ക്ക് അനുശോചനങ്ങള്‍ നല്‍കി അവരുടെ ദുഃഖത്തില്‍ പങ്കാളികളാകാനും ഇസ്‍ലാം വിശ്വാസികളോട് ആജ്ഞാപിക്കുന്നുണ്ട്. സന്തോഷത്തിലെന്ന പോലെ ദുഃഖത്തിലും നിങ്ങള്‍ പരസ്പരം സഹകരണ മനോഭാവവും അനുകന്പയും കാണിക്കണമെന്ന ഇസ്‍ലാമിന്‍റെ ദര്‍ശനങ്ങള്‍ പാശ്ചാത്യ സംസ്കാരത്തിന് സ്വപ്നം കാണാനെങ്കിലും കഴിയുമോ?.