Showing posts with label Dulhijja. Show all posts
Showing posts with label Dulhijja. Show all posts

ദുല്‍ ഹിജ്ജ; വിശ്വാസി പരിഗണിക്കേണ്ട ദശദിനങ്ങള്‍

എല്ലാകാലവും ഒരുപോലെയല്ല. ചിലതിന് മറ്റുചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. വിശ്വാസികളുടെ ജീവിതത്തില്‍ അതിനനുസൃതമായ ആരാധനാക്രമങ്ങളും സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. അതില്‍പെട്ട മാസമാണ് ദുല്‍ ഹിജ്ജ. അതിലെ ആദ്യ പത്ത് ദിനങ്ങള്‍ അതി ശ്രേഷ്ഠമാണ്.അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം പിതാവായ ഇബ്രാഹിം നബി (അ) യുടെ വിളിക്കുത്തരം ചെയ്തു ലക്ഷോപലക്ഷം അടിമകള്‍ ഹജ്ജിനായി ഒരുമിച്ച് കൂടുന്ന അവസരം കൂടിയാണിത്.
ഈ ദിനരാത്രങ്ങള്‍ അതി മഹത്വമാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നിസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നതിനാലാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുല്‍ ബാരി).
അല്ലാഹു പറയുന്നു 'പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം.' (അല്‍ ഫജ്ര്‍ 1 ,2 ) ഇവിടെ ആയത്തില്‍ പറയുന്ന പത്ത് രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹിജ്ജ മാസത്തിലെ പത്ത് രാത്രികളാണെന്നാണ് മഹാനായ ഇബ്‌നു കസീര്‍ (റ)തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ഖുര്‍ആന്‍ വചനം കാണുക, അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, അവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ് 28 )
മേല്‍കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളാണെന്ന് ഇബ്‌നു അബ്ബാസ് (റ)വില്‍നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.