SMF 'ലൈറ്റ് ഓഫ് മിഹ്‌റാബ്' കാമ്പയിന്‍ മഹല്ല് തലങ്ങളിലേക്ക്

ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്ത്ബാഅ് സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മഹ്‌റാബ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മഹല്ല് തലങ്ങളില്‍ ആരംഭിക്കുന്നു. ജില്ലാ, മേഖലാ സംഗമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് മഹല്ല് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മഹല്ലുകള്‍ കാലികമായി നേരിടുന്ന ആത്മീയവും ഭൗതികവുമായ വെല്ലുവിളികളെ സംബോധന ചെയ്യുന്ന കാമ്പയിന്റെ ഭാഗമായി ജനകീയ സംഗമങ്ങള്‍ സംഘടിപ്പിക്കുയും വിവിധ കര്‍മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.

എല്ലാ മഹല്ലുകളിലും ലൈറ്റ് ഓഫ് മിഹ്‌റാബ് സംഗമങ്ങള്‍ നടക്കും. ആത്മീയതയാണ് പരിഹാരം, വിശ്വാസമാണ് അശ്വാസം, അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ, ഉലമാ - ഉമറാ കരുത്തും കരുതലും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കാമ്പയിന്റെ ഭാഗമായി മഹല്ലുകളില്‍ പള്ളി ദര്‍സുകള്‍ സ്വദേശി ദര്‍സുകള്‍ ശക്തിപ്പെടുത്തുക, ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ഉദ്യോഗ പ്രാതിനിധ്യം ഉറപ്പ് വരുത്താനുമുള്ള പദ്ധതികള്‍ നടപ്പാക്കും. അധാര്‍മികതക്കെതിരെ ബോധവല്‍ക്കരണ യജ്ഞം, ആദര്‍ശ ബോധനം, ചരിത്ര ബോധനം നടത്തും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. വിശ്വാസ വൈകല്യങ്ങള്‍ക്കും മത നിരാസ, നിര്‍മത പ്രവണതകള്‍ക്കും യുക്തിവാദത്തിനും സ്വതന്ത്ര ചിന്തകള്‍ക്കുമെതിരെ പ്രചരണം നടത്തും. മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളും ഖത്തീബ്മാരും മുന്നിട്ടിറങ്ങണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കാമ്പയിന്‍ സമിതി ചെയര്‍മാന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- SUNNI MAHALLU FEDERATION