മനം നിറഞ്ഞ് മഖാം ഭാരവാഹികള്‍

പാവപ്പെട്ടരോടും അരികു വത്കരിക്കപ്പെട്ടവരോടും ആത്മ സ്‌നേഹം ചൊരിഞ്ഞ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അദ്ദേഹം ചെയ്ത സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചക്ക് കോട്ടം പറ്റാതെ തുടര്‍ത്താന്‍ ശ്രമിക്കുകയാണ് മഖാം ഭാരവാഹികള്‍. മഖാമിന്റെ സാരഥ്യം വഹിക്കുന്ന ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത്.

കേരളത്തനികത്തും പുറത്തും നിരവധി വിദ്യഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മാനേജിംഗ് കമ്മിറ്റിക്കു മഖാം ഭരണം കൈമാറിയിട്ടു ഇരുപത് വര്‍ഷം പൂര്‍ത്തിയായി. മമ്പുറത്തെയും സമീപ പ്രദേശങ്ങളിലേയും നിരവിധി പള്ളികളും മദ്രസകളും നടത്തുന്നതിനു വേണ്ട സാമ്പത്തിക സഹായം നല്‍കുന്നത് മഖാമില്‍ നിന്നാണ്. കൂടാതെ പ്രദേശത്തെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം, വിധവകള്‍ക്കും രോഗികള്‍ക്കുമുള്ള സഹായം, വീടു നിര്‍മ്മാണത്തിനുള്ള ധനസഹായം എന്നിവയും മഖാം കമ്മിറ്റിക്കു കീഴില്‍ നടന്നു വരുന്നുണ്ട്. മഖാമില്‍ എത്തുന്ന അരിയെല്ലാം മമ്പുറം പ്രദേശത്തുകാര്‍ക്ക് തന്നെയാണ് പൂര്‍ണമായും വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും ഏറ്റവും കുറഞ്ഞ് പത്ത് കിലോ വീതമെങ്കിലും അരി നല്‍കും. പ്രദേശത്തെ രണ്ടു പള്ളികള്‍ പൂര്‍ണമായും മഖാം കമ്മിറ്റി പരിപാലിക്കുന്നു.
- Mamburam Andunercha