അക്കാദമിക്‌ അവധി ദിനങ്ങൾ മതേതരമായി വിഭജിക്കണം: ഷബിൻ മുഹമ്മദ്‌

"പെരുന്നാളിനു അവധി നൽകാൻ തടസ്സമാകുന്നത്‌, അക്കാദമിക്‌ ലീവ്‌ കൂടും എന്ന കാരണമാണെങ്കിൽ അക്കാദമിക്‌ അവധി ദിവസങ്ങൾ മതേതരമായി വിഭജിച്ച്‌ തുല്യ നീതി നടപ്പാക്കാൻ ഈ ഗവൺമന്റ്‌ തയ്യാറാകണം."

സി.എച്ച്‌ അടക്കമുള്ള നവോത്ഥാന നായകർ നേതൃത്വം നൽകിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഫലമായി ഇന്ന് ധാരാളം കുട്ടികൾ ദീർഘ ദൂരങ്ങൾ താണ്ടി മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ തേടി പോകുന്നു. പെരുന്നാൾ പോലുള്ള അവധി ദിനങ്ങൾ നേരത്തെ നിശ്ചയിക്കാൻ സാധ്യമല്ലാത്തതിനാൽ ഗവൺമന്റ്‌ കനിയുന്ന ഒരു ദിവസത്തെ കലണ്ടർ ലീവ്‌ കൊണ്ട്‌ ഈ വിദ്യാർഥികൾക്ക്‌ സ്വന്തം നാട്ടിലേക്ക്‌, തന്റെ ഉറ്റവരോടൊപ്പം, വീട്ടുകാരോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ വരാൻ കഴിയാതെ പോകുന്നുണ്ട്‌. ഉദ്യോഗസ്ഥരും ഈ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നു.
കലണ്ടർ പ്രകാരം നിശ്ചയിക്കപ്പെടുന്ന പെരുന്നാൾ ദിനത്തിനു 2 ദിവസം പിറകിലും, 1 ദിവസം ശേഷവുമായി, ആകെ 4 ദിവസമെങ്കിലും ചുരുങ്ങിയത്‌ ചെറിയ പെരുന്നാൾ സന്തോഷം കുടുംബത്തോടൊപ്പം പങ്കിടാൻ ഗവൺമന്റ്‌ കനിയേണ്ടതുണ്ട്‌. അങ്ങനെ ഔദാര്യം കാണിച്ചാൽ, ബസ്സിലും ട്രെയിനിലും തൂങ്ങിപ്പിടിച്ചെങ്കിലും ഇവർക്ക്‌ തന്റെ വീടെത്താനാവും. ഓണത്തിനും കൃസ്തുമസിനും അനുവദിക്കുന്ന ലീവ്‌ താരതമ്യപ്പെടുത്തുമ്പോൾ ഇസ്ലാം മത വിശ്വാസികൾക്ക്‌ ഇതിനു അവകാശവും ഉണ്ട്‌. അക്കാദമിക്‌ ഇയറിൽ ലീവ്‌ ദിനങ്ങൾ കൂടുന്നതാണു ഇത്‌ കൊണ്ട്‌ ഉണ്ടാകുന്ന പ്രയാസമെങ്കിൽ അക്കാദമിക്‌ അവധി ദിവസങ്ങൾ മതേതരമായി വിഭജിച്ച്‌ തുല്യ നീതി നടപ്പാക്കാൻ ഈ ഗവൺമന്റ്‌ തയ്യാറാകണമെന്ന് എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ വിംഗ്‌ മുൻ സംസ്ഥാന ജനറൽ കൺവീനർ ഷബിൻ മുഹമ്മദ്‌ പ്രസ്താവിച്ചു.
- shabin muhammed