ഹജ്ജ് ക്യാമ്പിന് ഭക്തിനിർഭരമായ തുടക്കം: ആദ്യസംഘം ഇന്ന് യാത്രയാകും

മലപ്പുറം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടക്കമായി. ഇന്ന് ആദ്യവിമാനത്തിൽ യാത്രയാകുന്ന തീർത്ഥാടകരാണ് ഇന്നലെ വൈകിട്ടോടെ ഹജ്ജ് ഹൗസിലെത്തിയത്. ക്യാമ്പ് ഇന്നുരാവിലെ 10ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 348 തീർത്ഥാടകരുമായി ആദ്യഹജ്ജ് വിമാനം വൈകിട്ട് 4.35ന് ജിദ്ദയിലേക്ക് പോകുമെന്ന് ചെയർമാൻ കോട്ടുമല ബാപ്പു മുസ്ലിയാർ പറഞ്ഞു. 
മന്ത്റി പി.കെ. കുഞ്ഞാലിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്യും. തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഹജ്ജ് ഹൗസിൽ ഒരുക്കിയിട്ടുളളത്. 164 പുരുഷന്മാരും 184 സ്ത്രീകളുമാണ് ആദ്യ സംഘത്തിലുളളത്. രണ്ട് വോളന്റിയർമാരും ഒപ്പമുണ്ടാകു
ഇന്നലെ ക്യാമ്പിലെത്താത്ത തീർത്ഥാടകർ ഇന്ന് പുലർച്ചെയോടെ ക്യാമ്പിലെത്തും. ഞായറാഴ്ച പുലർച്ചെ അഞ്ചിനും എഴിനുമിടയിലാകും ഇവരുടെ രജിസ്ട്രേഷൻ. 
വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തീർത്ഥാടകരെ ബസിൽ വിമാനത്താവളത്തിലെത്തിക്കും. കൃത്യമായ ആസൂത്രണമുളളതിനാൽ ഹജ്ജ് ക്യാമ്പിൽ വലിയ തിരക്ക് ഒഴിവാക്കാനായി.
തീർത്ഥാടകരെത്തിയതോടെ ക്യാമ്പിലെ ഹജ്ജ് സെൽ, ബാങ്ക് കൗണ്ടർ, ഭക്ഷണ ഹാൾ തുടങ്ങിയവ പ്രവർത്തനക്ഷമമായി. തീർത്ഥാടകരെ യാത്രയാക്കാൻ ബന്ധുക്കളടക്കം നിരവധി പേർ ഹജ്ജ് ക്യാമ്പിലെത്തി. എമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകൾ വിമാനത്താവളത്തിൽ നടക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും കൗണ്ടറുകൾ തുറക്കുകയും ചെയ്തു. ഹജ്ജ് ക്യാമ്പ് 28ന് സമാപിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 6848 പേരാണ് തീർത്ഥാടനത്തിന് പോകുന്നത്.