റിയാദ് : ജീവിത പ്രയാസങ്ങള്‍ക്ക് പരിഹാരം തേടി പ്രവാസിയാകുന്പോഴും നമ്മുടെ സന്താനങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തയും പ്രവര്‍ത്തനവും നമുക്ക് വേണം. മദ്യവും മയക്കുമരുന്നും ചാറ്റിങ്ങും ഒരു തലമുറയെ ഒന്നടങ്കം നാശത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേള്‍ക്കുന്നതെല്ലാം ആശങ്കയുടെ പുതിയ പുതിയ വാര്‍ത്തകളാണ്. ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ നമുക്ക് നല്‍കുന്ന ചിത്രങ്ങളൊന്നും പ്രതീക്ഷയുടേതല്ല. പുതിയ തലമുറയില്‍ മൂല്യങ്ങളുണ്ടാകാന്‍ നാം കൂടുതല്‍ ജാഗ്രതയോടെ മത സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഈ മേഖലയില്‍ ലോകത്തിന്‍റെ നവസാധ്യത പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിയാദ് ഇസ്‍ലാമിക് സെന്‍ററും എസ്.വൈ.എസ്സും സംയുക്തമായി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കും സിദ്ദീഖ് ഫൈസി വാളക്കുളത്തിനും നല്‍കിയ സ്വീകരണയോഗം ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ഫവാസ് ഹുദവി പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ കോയ, എന്‍.സി. മുഹമ്മദ് കണ്ണൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, ഹംസ മൂപ്പന്‍, സൈതലവി ഫൈസി, ശാഫി ദാരിമി, അബ്ബാസ് ഫൈസി, ഹബീബുള്ള പട്ടാന്പി, മുഹമ്മദ് കോയ തങ്ങള്‍, വി.കെ. മുഹമ്മദ, സമദ് പെരുമുഖം, ശാഫി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട് സ്വാഗതവും നൌഷാദ് അന്‍വരി നന്ദിയും പറഞ്ഞു.
- അബൂബക്കര്‍ ഫൈസി -