
ജിദ്ദ : ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന ജിദ്ദ ഇസ്്ലാമിക് സെന്ററിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ ഈമാസം 14ന് സമാപിക്കും. പത്തു പുസ്തകങ്ങളുടെ പ്രകാശനം, പത്രപ്രവര്‍ത്തന കോഴ്സിലെ വിജയികള്‍ക്കുള്ള സമ്മാന സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയ പരിപാടികള്‍ ഇതോടനുബന്ധിച്ചുണ്ടാകും. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജെ.ഐ.സി. ഓഡിറ്റോറിയത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
പത്താം വാര്‍ഷികാഘോഷ ഭാഗമായി ദഅ്വ-ദഅ്വേതര കോഴ്സുകള്‍, പ്രഭാഷണങ്ങള്‍, പഠന ക്യാമ്പുകള്‍, കലാ മത്സരങ്ങള്‍, പഠന കോഴ്സുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഇതില്‍ സ്പോക്കണ് ഇംഗ്ലീഷ്, മോഡേണ്‍ അറബിക്, കൊമേഴ്സ്യല്‍ അറബിക്, തജ്വീദ്, ജേണലിസം എന്നീ കോഴ്സുകള്‍ പൂര്‍ത്തിയാക്കി. മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസിന്റെ നേതൃത്വത്തിലായിരുന്നു ജേണലിസം കോഴ്സ്. ഉറുദു കോഴ്സ് നടന്നുവരുന്നു. മള്‍ട്ടിമീഡിയ, വ്യക്തിത്വ വികാസം തുടങ്ങിയ കോഴ്സുകള്‍ കൂടി താമസിയാതെ ആരംഭിക്കും.
ആഘോഷ ഭാഗമായി നാട്ടില്‍ പത്ത് നിരാലംബര്‍ക്ക് വീടുകള്‍, പത്ത് പുസ്തകങ്ങള്‍, പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ആജീവനാന്ത പഠന സഹായം എന്നീ മൂന്ന് പദ്ധതികളാണ് ആവിഷ്കരിച്ചത്. സ്വന്തമായി അഞ്ചു സെന്റെങ്കിലും സ്ഥലമുള്ള രണ്ട് വികലാംഗര്‍, രണ്ട് മദ്റസാധ്യാപകര്‍, രണ്ട് വിധവകള്‍, രണ്ട് മുദരിസുമാര്‍, രണ്ട് മാറാരോഗികള്‍ എന്നിവര്‍ക്കാണ് വീടുവെച്ചു നല്‍കിയത്.
സി.പി. സെയ്തലവിയുടെ അടയാത്ത വാതില്‍, ജലീല്‍ ഫൈസി പുല്ലങ്കോടിന്റെ പ്രകാശത്തുള്ളികള്‍, പ്രൊഫ. എം. അബ്ദുല്‍ അലിയുടെ ദൈവകാരുണ്യത്തിന്റെ അമൃത വര്‍ഷം, അബ്ദുറഹ്്മാന് ഫൈസി കുഴിമണ്ണയുടെ ദീനിലെ ദിനചര്യകള്‍, ഉസ്മാന് ഇരിങ്ങാട്ടിരിയുടെ പ്രകാശപ്പൊട്ടുകള്, ടി.എച്ച്. ദാരിമിയുടെ ഇസ്്ലാമിക വ്യക്തിത്വം, എസ്.വി. മുഹമ്മദലിയുടെ നിങ്ങള്‍ രക്ഷിതാവാണ്, സലാം നദ്്വിയുടെ വിശുദ്ധ ഖുര്‍ആന്‍ ആശയും ആവിഷ്കാരവും, എം.കെ. കൊടശ്ശേരിയുടെ സപ്ത പാപങ്ങള്‍, ഹംസ റഹ്്മാനിയുടെ ജീര്‍ണ്ണതയുടെ കുടുംബ വായന എന്നിവയാണ് ദിശാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പത്തു പുസ്തകങ്ങള്‍. ഈ പുസ്തകങ്ങളടങ്ങുന്ന കിറ്റുകള്‍ ആയിരം കുടുംബത്തിലെത്തിക്കും. ഓരോ വര്‍ഷവും മൂന്നു പുസ്തകങ്ങള്‍ വീതം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ കേരളത്തില്‍ ഒരു പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജേണലിസം കോഴ്സ് ഡയറക്ടര്‍ സി.ഒ.ടി. അസീസ്, ദശവാര്‍ഷികാഘോഷ കമ്മിറ്റി ചെയര്മാന് മുഹമ്മദ് ടി.എച്ച്. ദാരിമി, കണ്‍വീനര്‍ ഉസ്മാന് ഇരിങ്ങാട്ടിരി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, കമ്മിറ്റി അംഗങ്ങളായ അബ്ദുല്ല കുപ്പം, അബ്ദുല്‍ അസീസ് പറപ്പുറം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.