സ്നേഹവും സമര്‍പ്പണവും പരസ്പര പൂരകങ്ങളാകണം : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍



ജിദ്ദ : സച്ചരിതരായ മുന്‍ഗാമികളുടെ വഴി പിന്‍തുടരുക എന്നതാണ് പ്രവാചകന്‍മാര്‍ക്ക് പോലും നല്‍കപ്പെട്ട ദൈവിക ശാസന. മാതൃകാ യോഗ്യമായ ജീവിതത്തിലൂടെ ആ സല്‍സരണിയിലേക്ക് സമൂഹത്തെ നയിച്ച മഹാന്മാരായ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്‍മദ് മുസ്‍ലിയാരും ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‍ലിയാരും അടങ്ങുന്ന പണ്ഡിതന്മാരും സാദാത്തുക്കളും കാണിച്ചു തന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാതയില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ക്ക് യാഥാര്‍ഥ്യം കണ്ടെത്താന്‍ , പ്രകടന പരതയുടെ ക്ഷണികമായ കോലാഹലങ്ങള്‍ക്കു പിന്നാലെ പോകേണ്ടതില്ലെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ വ്യക്തമാക്കി.


സ്നേഹത്തിലധിഷ്ഠിതമായ വഴിപ്പെടലാണ് ഇസ്‍ലാം അനുശാസിക്കുന്നത്. സ്നേഹവും സമര്‍പ്പണവും പരസ്പര പൂരകങ്ങളാകുന്പോള്‍ മാത്രമേ ഈമാന്‍ പരിപൂര്‍ണ്ണമാകൂ. ഐഹിക ജീവിതത്തിന്‍റെ സുഖ സൗകര്യങ്ങളോ പ്രയാസങ്ങളോ ആയിരിക്കരുത് നമ്മുടെ ജീവിതത്തിന്‍റെ പരമമായ സ്വാധീന ശക്തി. ആത്യന്തിക ലക്ഷ്യം സദ്മരണവും ആഖിറത്തിലെ രക്ഷയുമായിരിക്കണം. രാജ്യ ഭരണവും ശ്രേഷ്ഠമായ അനുഗ്രഹങ്ങളും നല്‍കപ്പെട്ടിട്ടും പ്രവാചകനായ യൂസുഫ് നബി (അ) പ്രാര്‍ത്ഥിച്ചത് "നാഥാ നീ എന്നെ മുസ്‍ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ ശ്രേണിയില്‍ ചേര്‍ക്കുകയും ചെയ്യേണമേ" എന്നായിരുന്നു.


ജിദ്ദ ദാറുസ്സലാം ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ പ്രതിവാര പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍


- ഉസ്മാന്‍ എടത്തില്‍ -