കെ.കെ ഹസ്രത്ത് അവാര്‍ഡ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ക്ക്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാളുമായിരുന്ന മര്‍ഹൂം കെ.കെ അബൂബക്കര്‍ ഹസ്രത്ത് അവാര്‍ഡിന് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അര്‍ഹനായി. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്ഫോജ്നയുടെ യു.എ.ഇ ചാപ്റ്ററാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹദീസ്-കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്ക് പുറമേ ഗോള ശാസ്ത്രം, ഖിബ് ല നിര്‍ണ്ണയ ശാസ്ത്രം എന്നിവയില്‍ ഏറെ ശ്രദ്ധേയനായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്. അഞ്ച് പതിറ്റാണ്ടായി ജാമിഅഃ നൂരിയ്യയില്‍ അധ്യാപകനായി സേവനം ചെയ്ത് വരുന്ന അദ്ദേഹം ഏറ്റവും കൂടുതല്‍ പണ്ഡിത ശിഷ്യന്‍മാരുള്ള വ്യക്തിത്വം കൂടിയാണ്. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, യു.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കിടങ്ങഴി എന്നിവര്‍ പ്രധാന ഗുരുവര്യന്മാരാണ്. അവാര്‍ഡ് ഓഗസ്റ്റ് ആദ്യവാരം മലപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികളായ അച്ചൂര്‍ മൊയ്തീന്‍ കുട്ടി ഫൈസി, സഅദ് ഫൈസി ചുങ്കത്തറ, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, എന്‍.വി മുഹമ്മദ് ഫൈസി അറിയിച്ചു.