വെള്ളം എണ്ണയോട് അല്‍പം പരിഭവത്തോടെ:
”നീ എന്തിനാണ് എന്റെ മുകളില്‍ കയറി നില്‍ക്കുന്നത്. ഞാനല്ലേ നിന്റെ മരം മുളപ്പിച്ച് വളര്‍ത്തിയത്. ഒരു മര്യാദയൊക്കെ വേണ്ടേ?”
എണ്ണ: ”നീ പറഞ്ഞത് ശരിതന്നെ. എന്നാല്‍ ഞാന്‍ ഇടിയും പൊടിയും അരക്കലും പിഴിയലുമൊക്കെ സഹിച്ചാണ് ഈ നിലയിലെത്തിയത്. നീയാകട്ടെ സുരക്ഷിതത്വംതേടി സുഖമായി ഒഴുകുകയായിരുന്നു. നിരാശ കൈവെടിഞ്ഞ് എല്ലാം സഹിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഞാന്‍ ഉയര്‍ന്ന സ്ഥാനത്തെത്തിയത്.”
ഇബ്‌നുല്‍ ജൗസീ പറയുന്നു: പ്രയാസങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിയും ഇടിയും സഹിക്കുന്നതുകൊണ്ടല്ലാതെ ഈ ഭൗതിക ജീവിതത്തിലും മരണാനന്തരവും ഉന്നതി പ്രാപിക്കാന്‍ മനുഷ്യന് സാധ്യമല്ല. എന്നാല്‍ ഒരു ബുദ്ധിമുട്ടും പേറാന്‍ സന്നദ്ധനാകാതെ സുരക്ഷിതനായി കഴിയാന്‍
ആഗ്രഹിക്കുന്നവന്റെ സ്ഥാനം വെള്ളത്തിന് താഴെ തന്നെയായിരിക്കും.
ആഗ്രഹിക്കുന്നവന്റെ സ്ഥാനം വെള്ളത്തിന് താഴെ തന്നെയായിരിക്കും.
ജീവിതത്തില്‍ ഉന്നതി ലഭിക്കാന്‍ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകുമോ? പക്ഷെ കവി പറഞ്ഞതാണ് അതിന്റെ അവസ്ഥ:
മഹത്വം അനായാസം പറിച്ചു
തിന്നാവുന്ന ഒരു പഴമല്ല-
അതിന്റെ പിന്നില്‍ സാഹസ
ശ്രമം അനിവാര്യമാണ്.
ധനം മനുഷ്യന്‍ കൊതിക്കുന്ന മഹത്തായ ഒരു ദൈവികാനുഗ്രഹമാണ്. എന്നാല്‍ ആകാശത്തുനിന്ന് പൊട്ടിവീഴുന്നതല്ല സ്വര്‍ണ്ണവും വെള്ളിയും. എന്തെല്ലാം വിഭവങ്ങള്‍ ദൈവം ഭൂമിയില്‍ ഒരുക്കിവെച്ചിരിക്കുന്നു. എത്രയെത്ര തൊഴില്‍ മാര്‍ഗങ്ങളുണ്ടിവിടെ. അവ ഉപയോഗപ്പെടുത്തി പ്രകൃതി വസ്തുക്കള്‍ സംഭരിച്ചും വിതരണം ചെയ്തും കൃഷിയും കച്ചവടവും വ്യവസായവും നടത്തിയും ധനം സമ്പാദിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. നേരായ മാര്‍ഗത്തിലൂടെ മാത്രം സ്വത്ത് കൈവശപ്പെടുത്തുകയും സമൂഹത്തോടുള്ള ധനപരമായ കടമകളൊക്കെ നിര്‍വഹിച്ചു ദൈവത്തിന് നന്ദികാണിച്ചു ജീവിക്കുകയും ചെയ്യുന്ന ധനികനെ പ്രവാചകന്‍ പ്രശംസിക്കുന്നു. ഇത്തരം ഒരു ധനികനാവുക മനുഷ്യന്‍ ആഗ്രഹിക്കേണ്ട ഒരു ഉന്നത പദവിയാണ്.
എന്നാല്‍ അത് എളുപ്പത്തില്‍ നേടാന്‍ കഴിയുന്ന ഒരു അനുഗ്രഹമല്ല. കഠിന പ്രയത്‌നം ഇതിന്റെ പിന്നില്‍ അനിവാര്യമാണ്. ഇല്ലായ്മയുടെ മടിത്തട്ടില്‍ വളര്‍ന്ന് നിരന്തര ശ്രമത്തിലൂടെ നല്ല സാമ്പത്തിക ശേഷിയുടെ ഉടമകളായി മാറിയ എത്ര മനുഷ്യരുണ്ട്. അബ്ദുറഹ്മാനുബ്‌നു ഔഫ് എന്നും ഇത്തരക്കാര്‍ക്ക് ഒരു മാതൃകയാണ്. വെറുംകയ്യോടെ മക്കയില്‍നിന്ന് അഭയാര്‍ത്ഥിയായി മദീനയിലെത്തിയ അദ്ദേഹത്തോട് സഅദ്ബ്‌നു അബീറബീഅ പറഞ്ഞു: ഞാന്‍ ഈ നാട്ടിലെ ഏറ്റവും വലിയ ധനികനാണ്. എനിക്ക് രണ്ട് തോട്ടമുണ്ട്. ഒന്ന് താങ്കള്‍ക്ക് സൗജന്യമായി തരാം. രണ്ട് ഭാര്യമാരുണ്ട്. അവരില്‍ താങ്കള്‍ക്കിഷ്ടപ്പെട്ടവളെ മൊഴിചൊല്ലി താങ്കള്‍ക്ക് വിവാഹം ചെയ്ത് തരാം. ഈ ഉദാരമനോഭാവത്തിന് നന്ദി രേഖപ്പെടുത്തി സഅ്ദിന് കൂടുതല്‍ അനുഗ്രഹത്തിന് പ്രാര്‍ത്ഥിച്ച അബ്ദുറഹ്മാനുബ്‌നു ഔഫ് കച്ചവടം ചെയ്യാന്‍ ഒരു മാര്‍ക്കറ്റ് കാണിച്ചുതരാന്‍ പറഞ്ഞു. എണ്ണ, തുണി, ഗോതമ്പ്, പാത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ വസ്തുക്കളിലെല്ലാം കച്ചവടം നടത്തി അദ്ദേഹം നല്ലൊരു പണക്കാരനായി മാറി. കൂടാതെ മികച്ച ഉദാരമതിയും.
എന്നാല്‍ ധനത്തേക്കാളും മറ്റെന്ത് സൗഭാഗ്യങ്ങളേക്കാളും ഉപരി ഉന്നതസ്ഥാനം വിജ്ഞാനത്തിനാണ്. വിശ്വാസികളായ വിജ്ഞാനികളെ അത്യുന്നത സ്ഥാനത്തേക്ക് ദൈവം ഉയര്‍ത്തുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ധനംപോലെതന്നെ മറ്റുള്ളവര്‍ക്ക് ആ വിജ്ഞാനംകൊണ്ട് പ്രയോജനമുണ്ടെങ്കിലേ അറിവിനും സ്ഥാനമുള്ളൂ. കവി പറഞ്ഞതുപോലെ:
‘നീ പണ്ഡിതന്‍, പക്ഷേ മറ്റുള്ളവര്‍ക്ക്
ഒരു പ്രയോജനവുമില്ല
അപ്പോള്‍ നീയും അജ്ഞനും തുല്യര്‍.’
നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ച പണ്ഡിതന്‍മാരുടെ വിജ്ഞാനങ്ങളും ചിന്തകളും ഇന്നും തലമുറകള്‍ക്ക് വെളിച്ചമേകുന്നു. അവരുടെ നാമങ്ങള്‍ ഇന്നും വാഴ്ത്തപ്പെടുന്നു. പക്ഷേ എത്ര പ്രയാസങ്ങള്‍ സഹിച്ചാണ് അവര്‍ പാണ്ഡിത്യത്തിന്റെ ഉന്നത ശ്രേണിയിലെത്തിയത്. ഇമാം ബുഖാരി രാത്രി പലവട്ടം ഉറക്കമുണര്‍ന്ന് വിളക്ക് കത്തിച്ച് തന്റെ മനസ്സില്‍ ഉദിച്ച ആശയം രേഖപ്പെടുത്തുമായിരുന്നു. ചുരുങ്ങിയത് ഇരുപതുവട്ടം ഇങ്ങനെ ചെയ്യുമായിരുന്നു. ചെലവിനുള്ള പണം തീര്‍ന്നാല്‍ ആരോടും ചോദിക്കുകയില്ല. പച്ചിലകള്‍ തിന്ന് വിശപ്പടക്കും. പ്രസിദ്ധ പണ്ഡിതനായ ശഅബിയോട് ആരോ ചോദിച്ചു: നിങ്ങള്‍ക്ക് ഈ വിജ്ഞാനമൊക്കെ എങ്ങനെ ലഭിച്ചു? അദ്ദേഹത്തിന്റെ മറുപടി: ഞാന്‍ ദൈവത്തെ ആശ്രയിച്ചു. നാട്ടില്‍ സഞ്ചരിച്ചു. കല്ലിനെപ്പോലെ ക്ഷമിച്ചു. കാക്കയെപ്പോലെ നേരത്തെ ഉണര്‍ന്നു.
അല്‍ബീറൂനി ഇന്ത്യയില്‍ വന്ന് നാല്‍പതുവര്‍ഷം ഇവിടെ ജീവിച്ചു സംസ്‌കൃതം പഠിച്ചശേഷമാണ് ഈ നാടിനെപ്പറ്റി വിവരിക്കുന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്. റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണി നിരവധി പരീക്ഷണങ്ങള്‍ നടത്തി കമ്പിയില്ലാതെ ഒരു സന്ദേശമയക്കാന്‍ കഴിയുമെന്ന നിഗമനത്തിലെത്തി. അദ്ദേഹത്തിന് ഭ്രാന്താണെന്ന് വിധിച്ച് ജനം മനോരോഗാസ്പത്രിയില്‍ പ്രവേശിപ്പിക്കുകപോലും ചെയ്തു. എങ്കിലും മാര്‍ക്കോണി നിരാശനാകാതെ മുന്നോട്ട് നീങ്ങി. സിഫിലിസിന് മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ 601 പരീക്ഷണങ്ങള്‍ നടത്തിയാണ് അതിലേക്കെത്തിയത്. അതുകൊണ്ടാണ് ആ മരുന്നിന്റെ പേരിനോടൊപ്പം ഈ നമ്പറും വന്നത്. ഇങ്ങനെ എത്രയെത്ര ത്യാഗം സഹിച്ചാണ് മഹാന്മാര്‍ വിജ്ഞാനത്തിന്റെ ഉന്നത സോപാനത്തില്‍ കയറിയത്. അതിനിടക്ക് വിവാഹം കഴിക്കാന്‍തന്നെ മറന്ന ചിലരുണ്ട്.
മനുഷ്യ സേവനംകൊണ്ട് മഹത്വമാര്‍ജിച്ചവരുടെ അവസ്ഥയും ഇതുതന്നെ. അന്ധയും ബധിരയുമായിട്ടും തന്റെ ജീവിതം കഷ്ടപ്പെടുന്നവരുടെ ക്ഷേമത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതുകൊണ്ടാണ് ഹെലന്‍ കെല്ലര്‍ ഇത്രയും ഉയര്‍ന്ന കീര്‍ത്തി നേടിയത്. മദര്‍ തെരേസയുടെ അവസ്ഥയും ഇതുതന്നെ. ബൈതുല്‍ മുഖദസിന്റെ വിമോചകനായ സലാഹുദ്ദീന്‍ അയ്യൂബി എത്ര ക്ലേശമാണ് സഹിച്ചത്. ഇങ്ങനെ ഓരോ ഗ്രാമത്തിലും ദേശത്തിലും രാഷ്ട്രത്തിലും ജനസേവനംകൊണ്ട് സ്ഥാനംനേടിയ മഹാന്മാരുണ്ടാകും. തന്നെ സമൂഹത്തിന് മാതൃകയും സല്‍കീര്‍ത്തിക്ക് അര്‍ഹനാക്കേണമേ എന്നായിരിക്കണം ഓരോ വിശ്വാസിയുടെയും പ്രാര്‍ത്ഥന.
എന്നാല്‍ സമൂഹത്തില്‍ ഉന്നതിയും കീര്‍ത്തിയും ആഗ്രഹിച്ച് ഒരു പുണ്യകര്‍മവും ചെയ്യാന്‍ പാടില്ല. അതേഅവസരം സേവനങ്ങള്‍കൊണ്ട് സമൂഹത്തെ ഉദ്ധരിക്കുന്നവര്‍ക്ക് സല്‍കീര്‍ത്തിയും ആദരവും വന്നുചേരുക സ്വാഭാവികം.
മരണത്തിനുശേഷം ശാശ്വതമായ മറ്റൊരു ജീവിതമുണ്ടെന്ന് മനുഷ്യാരംഭം മുതല്‍ക്കേ സ്രഷ്ടാവായ ദൈവം പ്രവാചകന്‍മാര്‍ മുഖേന മനുഷ്യവര്‍ഗത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്ന യാഥാര്‍ത്ഥ്യമാണല്ലോ. ഈ ജീവിതത്തിലെ ഉന്നതിയും സൗഭാഗ്യവുമാണ് വിശ്വാസികളുടെ അന്തിമ ലക്ഷ്യം. ഭൗതിക ജീവിതത്തില്‍ ഉന്നതശ്രേണിയില്‍ നിലകൊള്ളുന്ന സാഹിത്യകാരന്‍മാര്‍, ശാസ്ത്രജ്ഞന്‍മാര്‍, രാഷ്ട്രത്തലവന്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഉദാരമതികളായ ധനാഡ്യന്‍മാര്‍, ജനനേതാക്കള്‍ തുടങ്ങിയവരുടെയൊക്കെ മരണാനന്തര ജീവിതത്തിലെ അവസ്ഥ എന്തായിരിക്കും. മരണത്തോടെ ജീവിതം അവസാനിച്ചുവെന്നും ഇനി രക്ഷാശിക്ഷകള്‍ ലഭിക്കുന്ന ഒരു രണ്ടാംജന്മമില്ലെന്നും വിശ്വസിച്ചവര്‍ പരലോകത്ത് നിന്ദിതരും അപമാനിതരുമായി കഴിയേണ്ടിവരുമെന്നാണ് മതദര്‍ശനം ഉദ്‌ഘോഷിക്കുന്നത്. വെള്ളമാണെന്ന് ധരിച്ച് മരീചികയെ പ്രാപിക്കുന്ന യാത്രികന്റെ അവസ്ഥയാണ് ഇവരുടേതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ദൈവപ്രീതിയും പരലോകത്തെ സൗഭാഗ്യവും ലക്ഷ്യംവെച്ച് വിശ്വാസത്തോടെ സല്‍കര്‍മ്മ നിരതമായ ജീവിതം നയിക്കുന്നവര്‍ക്ക് പരലോകത്ത് അത്യുന്നത പദവി ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ ആരാധനാ കര്‍മ്മങ്ങളൊക്കെ മുറപോലെ നിര്‍വഹിച്ചും ദേഹേച്ഛകള്‍ നിയന്ത്രിച്ചും ക്ഷമ കൈക്കൊണ്ടും ദൈവം നിരോധിച്ച എല്ലാ തിന്മകളും വര്‍ജിച്ചും സമൂഹത്തിന്റെ നന്മക്കും ക്ഷേമത്തിന്നും വേണ്ടി കഠിനയത്‌നം നടത്തിയും ജീവിക്കുന്നവര്‍ക്കാണ് ഇതിന് അര്‍ഹതയുണ്ടാവുക.
വിശ്വാസികളുടെ എപ്പോഴുമുള്ള പ്രാര്‍ത്ഥന ഇതായിരിക്കും: ”ഞങ്ങളുടെ നാഥാ, ഇഹലോകത്തും പരലോകത്തും നീ ഞങ്ങള്‍ക്ക് സൗഭാഗ്യം പ്രദാനം ചെയ്യേണമേ!”-പി. മുഹമ്മദ് കുട്ടശ്ശേരി (അവ.ചന്ദ്രിക)