Pages

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം; പ്രതിഷേധം ശക്തം

മുംബൈ: ദക്ഷിണ മധ്യ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിയന്ത്രിച്ച ദര്‍ഗ ട്രസ്റ്റിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ സൂഫീവര്യനായിരുന്ന പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ഖബറിടത്തിനു സമീപത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ചില മതപണ്ഡിതര്‍ നല്‍കിയ ഫത്‌വയെ തുടര്‍ന്നാണ് തീരുമാനമെന്ന് ഹാജി അലി ദര്‍ഗ ട്രസ്റ്റ് ഭാരവാഹിയും അഭിഭാഷകനുമായ റിസ്‌വാന്‍ മര്‍ച്ചന്റ് പറഞ്ഞു. ദര്‍ഗയിലേക്ക് പ്രവേശിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും ഖബറിടം ഉള്‍ക്കൊള്ളുന്ന ഭാഗത്തേക്ക് പ്രവേശിക്കുന്നതാണ്
നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാതിമത ഭേദമന്യേ ഓരോ ദിവസവും പതിനായിരക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന ദര്‍ഗയില്‍ ആറു മാസം മുമ്പാണ് നിയന്ത്രണം കൊണ്ടുവന്നത്. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ (ബിഎംഎംഎ) എന്ന സംഘടന ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് വിലക്ക് മാധ്യമശ്രദ്ധയിലെത്തുന്നത്. ദര്‍ഗയില്‍ നൂറ്റാണ്ടുകളോളം ഇല്ലാത്ത നിയന്ത്രണം ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകരും വിശ്വാസികളും ചില മതപണ്ഡിതരും രംഗത്തെത്തിയിട്ടുണ്ട്.

ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് പറഞ്ഞു. ഇതിനെതിരെ മുസ്‌ലിം സമുദായവും സ്ത്രീകളും രംഗത്തിറങ്ങണമെന്ന് നോവലിസ്റ്റ് ചേതന്‍ ഭഗത് അഭിപ്രായപ്പെട്ടു. ശരീഅത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് മതപണ്ഡിതനും മധ്യ മുംബൈയിലെ സേവരി ദര്‍ഗ നടത്തിപ്പുകാരനുമായ മൗലാനാ ഗുലാം ജാവേദ് ശൈഖ് പറഞ്ഞു.

കടലില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദര്‍ഗയാണ് ഹാജി അലി. നിരവധി ബോളിവുഡ് ചിത്രങ്ങള്‍ ഇതിന്റെ പരിസരത്ത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ ലോകം ചുറ്റിക്കറങ്ങിയ ശേഷം മുംബൈയില്‍ താമസമാക്കിയ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ദര്ഗയുടെ നിര്‍മാണം 1431-ലാണ് പൂര്‍ത്തിയായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദര്‍ഗയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ അര ലക്ഷതിലധികം വിശ്വാസികള്‍ എത്താറുണ്ട്.അതേസമയം, ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ദുരുപദിഷ്ടിതമാണെന്ന് ദര്‍ഗ ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.(അവ. ചന്ദ്രിക).