Pages

അഫ്ഗാനിസ്താനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം: പ്രതിഷേധം ശക്തം; ഒടുവില്‍ സൈനികര്‍ക്കെതിരെ നടപടി


വാഷിങ്ടണ്‍: അഫ്ഗാനി സ്താനിലെ നാറ്റോ താവളത്തില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് അമേരിക്കന്‍ സൈനികര്‍ക്കെതിരെ ഭരണതലത്തിലുള്ള ശിക്ഷ നടപ്പാക്കും. ആര്‍മി ബ്രിഗേഡിയര്‍ ജനറല്‍ ബ്രയാന്‍ ജി.വാട്സന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തു വിട്ടു. എന്നാല്‍, സൈനികര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിട്ടില്ല.
കാബൂളിലെ വ്യോമതാവളത്തിലെ തടങ്കല്‍ കേന്ദ്രത്തിലുള്ള നൂറോളം ഖുര്‍ആനും മറ്റു മതഗ്രന്ഥങ്ങളും കത്തിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സൈനിക മേധാവികളും കമാന്‍ഡോകളും തമ്മില്‍ ആശയവിനിമയത്തില്‍ വന്ന തകരാറാണ് സംഭവത്തിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, സൈനിക നടപടി മനഃപൂര്‍വമായിരുന്നുവെന്ന ആരോപണം റിപ്പോര്‍ട്ട് നിഷേധിക്കുന്നു. തടവുകാര്‍ സന്ദേശം കൈമാറാനായി ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചുവെന്ന് നാറ്റോ ഉദ്യോഗസ്ഥര്‍ വിവര്‍ത്തകരുടെ സഹായത്തോടെ കണ്ടെത്തിയതിനെ തുടര്‍ന്ന് കത്തിക്കുകയായിരുന്നുവെന്നും ഇവയില്‍ ഖുര്‍ആനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൈനികര്‍ക്ക് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, അഫ്ഗാന്‍ സൈനികരുടെ ഭാഗത്തുനിന്നുള്ള ഉപദേശം സൈനികര്‍ അവഗണിച്ചതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഖുര്‍ആന്‍ കത്തിച്ചതിനെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മാപ്പുപറയുകയും ചെയ്തു. കാബൂളിലും മറ്റുമുണ്ടായ അക്രമസംഭവങ്ങളില്‍ 30 അഫ്ഗാന്‍ പൗരന്മാരും ആറ് യു.എസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.