ഒപ്പം അതിഥികളായി മലപ്പുറം എസ്.പി കെ. സേതുരാമനും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും എം.എസ്.പി കമാന്‍ഡന്റുമായ യു. ഷറഫലിയും. അയല്‍പ്പക്കത്തുനിന്ന് കുടുംബക്കാരനായി മുനവ്വറലി ശിഹാബ്തങ്ങളും പെരുന്നാള്‍ മൊഞ്ചിന്റെ സൗഹൃദ സംഗമത്തിലേക്ക് കടന്നുവന്നതോടെ പാണക്കാട്ടെ വീട് പെരുന്നാള്‍ വര്‍ത്തമാനങ്ങളുടെ പെരുമഴയില്‍ നനഞ്ഞു.
സൗഹൃദങ്ങളുടെ കൂടിച്ചേരലാണ് പെരുന്നാള്‍. അത്തറിന്റെ മണത്തില്‍ മുങ്ങിയ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പള്ളിയില്‍ ഒത്തുചേരല്‍. പിന്നീട് കൂട്ടായ്മയുടെ സന്തോഷവും നല്ല ഭക്ഷണത്തിന്റെ രുചിയും. 'എത്ര തിരക്കുണ്ടായാലും പെരുന്നാള്‍ സംഗമങ്ങളുടെ സന്തോഷം പങ്കിടാന്‍ ഞാന്‍ എത്താറുണ്ട്.' ഹൈദരലി തങ്ങളുടെ കരംകവര്‍ന്ന് പൂമുഖത്തേക്ക് കയറുമ്പോള്‍ മന്ത്രിയുടെ വാക്കുകളില്‍..
വിശേഷങ്ങള്‍ പൂക്കൂടപോലെ നിറഞ്ഞു.
മധുരമൂറുന്ന ഓര്‍മകളിലൂടെ മന്ത്രി സഞ്ചരിക്കുമ്പോള്‍ എസ്.പിയുടെയും കമാന്‍ഡന്റിന്റെയും മുഖങ്ങളിലും ഓര്‍മകള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുന്നുണ്ടായിരുന്നു. 'മലപ്പുറത്ത് വന്നതിനുശേഷമാണ് പെരുന്നാള്‍ ഇത്ര വലിയ ആഘോഷമായി ഞാന്‍ കാണുന്നത്. പെരുന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളോടൊപ്പം പല വീടുകളിലും ഞങ്ങള്‍ ഒത്തുകൂടാറുണ്ട്. സലാമും സെയ്ദും ഞാനും ഒക്കെ ഒന്നിക്കുന്ന ആ നിമിഷങ്ങള്‍...' വാക്കുകളില്‍ ഗൃഹാതുരത്വം നിറയുമ്പോള്‍ എസ്.പിയുടെ മുഖത്ത് സന്തോഷത്തിന്റെ നിലാവുദിച്ചു.
'ഫുട്‌ബോളാണ് ഞങ്ങളുടെ ഏതൊരു പെരുന്നാളിന്റെയും ആഘോഷവെടിക്കെട്ട്. പെരുന്നാള്‍ ദിനത്തില്‍ വൈകീട്ട് ഗ്രൗണ്ടില്‍ ഒത്തുകൂടി കളിച്ചുതിമിര്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഇത്തവണയും പെരുന്നാള്‍ ദിനത്തില്‍ ഫുട്‌ബോള്‍കളിയുണ്ട്. കേരള പോലീസിലെ സ്വപ്നടീമാണ് ഇത്തവണ ബക്രീദ് സ്‌പെഷലായി ബൂട്ടണിയുന്നത്...'
സൗഹൃദ മൈതാനത്തിലേക്ക് ആവേശത്തിന്റെ ലോങ്‌റേഞ്ചറുമായി ഷറഫലി കടന്നുവന്നപ്പോള്‍ എസ്.പിയുടെ വക അപ്രതീക്ഷിതമായ ഒരു ടാക്ലിങ്ങുണ്ടായി. 'ഞാനും ഫുട്‌ബോള്‍ കളിക്കുമായിരുന്നു. സൗഹൃദ ഫുട്‌ബോള്‍ കളിച്ച് രണ്ട് കാല്‍മുട്ടുകള്‍ക്കും പരിക്കായി. അങ്ങനെ സൗഹൃദ ഫുട്‌ബോള്‍ വേദന ഫുട്‌ബോളായി...' എസ്.പിയുടെ ഫുട്‌ബോള്‍ വിശേഷം കേട്ടപ്പോള്‍ ഹൈദരലി തങ്ങളുടെയും മുനവ്വറലി തങ്ങളുടെയും മുഖത്ത് ചിരിയുടെ പെരുന്നാള്‍.
പെരുന്നാള്‍ വിശേഷങ്ങള്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പോകാന്‍ സമയമായെന്ന സൂചനയുമായി മന്ത്രി എഴുന്നേറ്റു. 'അല്പനേരമാണെങ്കിലും ഈ ഒത്തുചേരലാണ് പെരുന്നാളിന്റെ സുകൃതം. പണ്ട് ബാപ്പയുള്ളപ്പോള്‍ പെരുന്നാള്‍ പകര്‍ന്നുതന്ന അനുഭവങ്ങള്‍ ഒത്തിരിയാണ്. പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍നിന്നിറങ്ങിയാല്‍ ബാപ്പ ഞങ്ങളെയുംകൂട്ടി എല്ലാ ബന്ധുവീടുകളിലും അയല്‍പക്കങ്ങളിലും പോകും. ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവിടെയുമുണ്ടാകും ഒരുപാട്‌പേര്‍...' മുഹമ്മദലി ശിഹാബ്തങ്ങളുടെ ഓര്‍മകളില്‍ മുനവ്വറലിയുടെ വാക്കുകള്‍ മുറിഞ്ഞുനിന്നപ്പോള്‍ ഒരുനിമിഷം എല്ലാവരും നിശ്ശബ്ദരായി. -സിറാജ് കാസിം (മാതൃഭൂമി)