ദമ്മാം : പ്രവാസികള്‍ ഇവിടെയും നാട്ടിലും നടത്തിക്കൊണ്ടിരിക്കുന്ന ജീവ കാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മൂലം അവരിലെ തന്മകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുമെന്നും അതുവഴി കളങ്കരഹിതമായ ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും പ്രമുഖ പണ്ഡിതന്‍ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്‍റെ കീഴ്ഘടകമായ ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആരാധനകളിലും അനുഷ്ഠാനങ്ങളിലും മാത്രം മുഴുകി ജീവിക്കുന്നത് കൊണ്ട് മാത്രം വിശ്വാസിയുടെ കടമകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ല. സഹജീവികളുടെ സുഖ ദുഃഖങ്ങളില്‍ പങ്കുകൊണ്ട് സാമൂഹ്യ ബന്ധങ്ങളിലധിഷ്ഠിതമായി ജീവിക്കുന്പോള്‍ മാത്രമേ ദൈവ പ്രീതി ലഭിക്കുകയുള്ളൂ, അദ്ദേഹം പറഞ്ഞു.
ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ഉമ്മര്‍ ഫൈസി വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ. യൂസുഫ് ഫൈസി വാളാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മാഹിന്‍ വിഴിഞ്ഞം വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.എം.സി.സി. നേതാക്കളായ ഉമ്മര്‍ ഇരിക്കൂര്‍, മാലിക് മഖ്ബൂല്‍, യു.കെ. ഹുസൈന്‍, എസ്.വൈ.എസ്.നേതാവ് ഖാസിം ദാരിമി, അബ്ബാസ് ബാഖവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുറഹ്‍മാന്‍ മലയമ്മ സ്വാഗതവും റശീദ് ദാരിമി നന്ദിയും പറഞ്ഞു.