Pages

സമസ്ത നടത്തുന്ന സുന്നീ ഐക്യ ചര്‍ച്ചകള്‍ക്ക് കാന്തപുരം തുരങ്കം വെക്കുന്ന നിലപാട് ആശങ്കാജനകം - സമസ്ത


കോഴിക്കോട്‌: സുന്നികള്‍ക്കിടയില്‍ നടക്കുന്ന ഐക്യചര്‍ച്ചകള്‍ക്കു തുരങ്കം വയ്ക്കുന്ന നിലപാടാണ്‌ കാന്തപുരം വിഭാഗം നടത്തുന്നതെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്‌തയോഗം പ്രസ്താവിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി നടന്നുവരുന്ന ഐക്യചര്‍ച്ച തുടരാന്‍ കാന്തപുരം വിഭാഗത്തിനു താല്‍പര്യമില്ലെന്നാണു അവരുടെ നിലപാടുകളില്‍നിന്നു വ്യക്‌തമാകുന്നതെന്നും യോഗം വിലയിരുത്തി.
സമസ്തയില്‍ നിന്നും അന്യാതീനപ്പെട്ടുപോയ, കാന്തപുരം വിഭാഗം കൈവശം വെച്ചിരിക്കുന്ന  കരന്തൂരിലെ മര്‍കസുസ്സഖാഫിത്തിസ്സുന്നിയയുടെ  സമ്മേളനത്തിലെ  ചില പരിപാടികളില്‍ മുസ്‌ലിംലീഗിന്റെ  ചില നേതാക്കള്‍ സംബന്ധിക്കുന്നതു സംബന്ധിച്ച്‌ അഭിപ്രായമാരാഞ്ഞപ്പോള്‍ അനുകൂല നിലപാട്‌ സമസ്‌ത സ്വീകരിച്ചത്‌ സുന്നി ഐക്യത്തിന്ന് സമസ്ത സ്വീകരിച്ച നിലപാടിന്റെ പുരോഗതിയുടെ ഭാഗമായിരുന്നു. എന്നാല്‍ ബോധപൂര്‍വം ഐക്യം തകര്‍ക്കുന്ന നീക്കങ്ങളാണ്‌ എ പി  വിഭാഗം നടത്തിയതെന്നു യോഗം ആരോപിച്ചു. ഈ വരുന്ന 14, 15, 16 തിയ്യതികളില്‍ നടക്കുന്ന   ജാമിഅ നൂരിയ്യ  സനാദ് ദാന വാര്‍ഷിക മഹാസമ്മേളനത്തിന്റെ പരിപാടിയില്‍  പങ്കെടുക്കാമെന്നേറ്റ ഈജിപ്ത് ഗ്രാന്‍ഡ്‌  മുഫ്തിയെ കാന്തപുരം വിഭാഗം തടയുകയും അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. 
ഏറെ മുമ്പേ  തന്നെ പ്രഖ്യാപിക്കെട്ടിരുന്ന പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനം  ഇക്കഴിഞ്ഞ 7, 8, 9 തിയ്യതികളിലാണ് നടക്കേണ്ടിയിരുന്നത്.  ഇതേ ദിവസം തന്നെ മര്‍കസ് സമ്മേളനവും നടത്താന്‍  എ.പി വിഭാഗവും നിശ്ചയിച്ചു. ഇത്  ഐക്യശ്രമത്തിനിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകേണ്ട എന്നു കരുതി സമസ്ത  നേതൃത്വം ഇടപെട്ട് ജാമിഅ നൂരിയയിലെ സമ്മേളനത്തിന്റെ തീയതി മാറ്റുകയായിരുന്നു. എന്നിട്ടും മര്‍കസ് സമ്മേളന സോവനീറിലും പ്രഭാഷണങ്ങളിലും പ്രസിദ്ധീകരണങ്ങളിലുമെല്ലാം സമസ്തയെയും കീഴ്ഘടകങ്ങളെയും അധിക്ഷേപിച്ചും അപമാനിച്ചും എഴുതിയത്  അവര്‍ ഐക്യമോ സൌഹ്രദമോ  ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
സമസ്‌തയുടെ പ്രഖ്യാപിത നിലപാടുകളില്‍ ഉറച്ചു നിന്നു സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ കര്‍മപദ്ധതികള്‍ യോഗം ആസൂത്രണം ചെയ്‌തു.
കോഴിക്കോട്ട് നടന്ന സമസ്തയുടെ യോഗത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ടെത്തി വിശദീകരണം നല്‍കി. സമസ്തയുടെ പിന്തുണയില്ലാതെ കാന്തപുരം വിഭാഗവുമായി ഒരു യോജിപ്പിനുമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസല്യാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ് ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്‌തു. കോട്ടുമല ബാപ്പു മുസല്യാര്‍, എം.ടി. അബ്ദുല്ല മുസല്യാര്‍, പ്രഫ. കെ.ആലിക്കുട്ടി മുസല്യാര്‍, കെ.എ. റഹ്മാന്‍ ഫൈസി, അബ്ദുസമദ്‌ പൂക്കോട്ടൂര്‍‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, എം.എം. മുഹിയുദ്ദീന്‍ മുസല്യാര്‍, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി  സൈനുദ്ദീന്‍ മുസല്യാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു