
റിയാദ് : രക്തം ചിന്തലല്ല, മനുഷ്യ മനസ്സുകളില്‍ മാനുഷീകത സൃഷ്ടിക്കലാണ് യഥാര്‍ത്ഥ വിപ്ലവമെന്ന് ലോകത്തെ പഠിപ്പിച്ച നേതാവാണ് മുഹമ്മദ് നബി. മതപരിവര്‍ത്തനമല്ല മനപരിവര്‍ത്തനമാണ് മുഹമ്മദ് നബി നടപ്പാക്കിയത്. ഒരു അമുസ്‍ലിമിന്‍റെ മൃദദേഹം കൊണ്ടുപോകുന്പോള്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്ന പ്രവാചകന്‍ വര്‍ത്തമാന കാലത്തിന് മാതൃകയാകണം. യഥാര്‍ത്ഥ വിശ്വാസി മരിച്ചുകൊണ്ടിരിക്കുന്നുവെന്ന നീത്ഷെയുടെ വാക്കുകള്‍ സത്യമെന്നു തോന്നും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ മതവിശ്വാസികളില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്. മുഹമ്മദ് നബിയെ മറ്റുള്ളവര്‍ എങ്ങിനെ വിലയിരുത്തുന്നുവെന്ന് മനസ്സിലാക്കാന്‍ ശ്രീനാരായണ ഗുരുവിന്‍റെ കവിതയിലെ നബി മുത്ത് രത്നമോ എന്ന ഒരു വാചകം മാത്രം മതി. പ്രവാചകന്‍റെ മാനുഷീകതയെ അറിയുക അനുഗമിക്കുക എന്ന സന്ദേശം കൈമാറാന്‍ ഈ കാന്പയിനിലൂടെ കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്.