Pages

സ്‌കൂള്‍ സമയമാറ്റം; ശിപാര്‍ശ തള്ളണം: എസ്.എം.എഫ്

ചേളാരി: സ്‌കൂള്‍ സമയം രാവിലെ എട്ട് മണിക്ക് ആരംഭിക്കണമെന്ന ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മദ്രസാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന ശിപാര്‍ശയാണിത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പഠനത്തിന് വിഘാതമാവാത്ത വിധമാണ് കാലങ്ങളായി മദ്രസാ സമയം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. സമസ്തയുടെ പതിനായിരത്തിലധികം മദ്രസകളിലടക്കം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അധ്യയനം നടത്തി വരുന്നത്. വളര്‍ന്ന് വരുന്ന തലമുറക്ക് മത ധാര്‍മികബോധവും, സാമൂഹികാവബോധവും രാജ്യസ്‌നേഹവും പകര്‍ന്ന് നല്‍കി ഉത്തമ പൗരന്‍മാരാക്കി വളര്‍ത്തിയെടുക്കുന്ന വലിയ ദൗത്യം നിര്‍വഹിക്കുന്ന മദ്രസകളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. നേരത്തേ, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാന്‍ സമൂഹചര്‍ച്ചക്ക് നല്‍കിയ രേഖയില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ ചര്‍ച്ചക്ക് വെച്ച ഈ വിഷയത്തില്‍ വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ ധാര്‍മിക നിലവാരം തകര്‍ക്കുന്ന ജെന്റര്‍ ന്യൂട്രാലിറ്റിയെന്ന അപകടകരമായ ആശയത്തിനും വര്‍ധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനുമെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ആര്‍.പി ശില്‍പശാല ഒക്ടോബര്‍ 1 ശനിയാഴ്ച നടക്കും.

ഒഴിവുണ്ടായിരുന്ന സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വി.എ.സി കുട്ടി ഹാജി (പാലക്കാട്)യെ തെരഞ്ഞെടുത്തു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന യോഗം സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, അഞ്ചല്‍ ബദറുദ്ദീന്‍ കൊല്ലം, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്‍, അബ്ദുല്‍ കരീം ഫൈസി തൊഴിയൂര്‍, അബ്ദുല്‍ കരീം എറണാകുളം, കെ.എ. ശരീഫ് കുട്ടി ഹാജി കോട്ടയം, മഹ്മൂദ് ഹാജി കാസറഗോഡ്, പി.ടി.മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍, ഹമീദ് മൗലവി കുടക്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION