Pages

തഹ്‌സീനുല്‍ ഖിറാഅ: രണ്ടാം ഘട്ട പരിശീലനം ഇന്ന് (21-05-2022) മുതല്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2019 മുതല്‍ നടപ്പാക്കി വരുന്ന തഹ്‌സീനുല്‍ ഖിറാഅ: പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ഇന്ന് മുതല്‍ 8 കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. സംസ്ഥാന തല ഉദ്ഘാടനം കൊണ്ടോട്ടി ഖാസിയാരകം മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തഹ്‌സീനുല്‍ ഖിറാഅ: കണ്‍വീനര്‍ കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷനാകും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മുഫത്തിശുമാരായ എം.പി അലവി ഫൈസി, ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍, എസ്.കെ.ജെ.എം.സി.സി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ബി.എസ്.കെ തങ്ങള്‍, സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി പ്രസംഗിക്കും. മുജവ്വിദ് കെ. മുഹമ്മദ് ഫൈസി ക്ലാസിന് നേതൃത്വം നല്‍കും. കൊണ്ടോട്ടിക്കു പുറമെ കോട്ടൂര്‍, കിഴിശ്ശേരി, ചോക്കാട്, കാവനൂര്‍, തളങ്കര, പുളിക്കല്‍, കൊടക്കാട് എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ചും ഇന്ന് മുതല്‍ പരിശീലനം നടക്കും. ആദ്യദിനം മദ്‌റസ മാനേജിംഗ് കമ്മിറ്റി, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ഭാരവാഹികള്‍ക്കും തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ മുഅല്ലിംകള്‍ക്കുമാണ് പരിശീലനം. പ്രഥമ ബാച്ചിനുള്ള പരിശീലനം 26-ന് സമാപിക്കും. മെയ് 28 മുതല്‍ തുടര്‍ന്നുള്ള ബാച്ചിന്റെ പരിശീലനം തുടങ്ങും.
- Samasthalayam Chelari