Pages

ഡി.എസ്.യു ഇടപെടല്‍ ഫലം കണ്ടു. കാലിക്കറ്റ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ 2019 ബാച്ച് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയും പരീക്ഷാ ഫലവും വൈകുന്നത് സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം. ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

2019 - 2022 ബാച്ചിന്റെ വ്യത്യസ്ത ഡിഗ്രീ കോഴ്‌സുകളിലായി നടക്കാനുളള നാല് സെമസ്റ്റര്‍ പരീക്ഷകളുടേയും ഏകദേശ സമയ വിവര പട്ടികയും, നടത്തിയ പരീക്ഷകളുടെ ഫലങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കാനും സര്‍വ്വ കലാശാല വൈസ് ചാന്‍സലറോട് മന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. കൂടാതെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം 27 നും നാലാം സെമസ്റ്റര്‍ പരീക്ഷ അടുത്ത മാസം ആദ്യത്തിലും നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ:കെ.ജയകുമാര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

ചര്‍ച്ചയില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍ എ.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ഇ.കെ സതീഷ്, ഡി.എസ്.യു ഭാരവാഹികളായ പ്രസിഡന്റ് മുഖ്താര്‍ പി.വി കാഞ്ഞിരമുക്ക്, വൈസ് പ്രസിഡന്റ് ശാക്കിര്‍ ഒടമല, ജന.സെക്രട്ടറി റാഫി മൂവാറ്റുപുഴ, ട്രഷറര്‍ ഫൗസാദ് ചെട്ടിയാര്‍മാട് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡി.എസ്.യു ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭരണപക്ഷ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്‍, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം 23 എം.എല്‍.എമാര്‍ക്ക് നേരിട്ടും, മറ്റുള്ള മുഴുവന്‍ എം.എല്‍.എമാര്‍ക്ക് ഇമെയില്‍ വഴിയുമാണ് നിവേദനം കൈമാറിയത്.
- Darul Huda Islamic University