Pages

സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത

ചേളാരി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 ധീരസമര യോദ്ധാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച സമിതിയുടെ ശിപാര്‍ശ തള്ളിക്കളയണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്നു 1921ലെ മലബാര്‍ കലാപമെന്ന ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകള്‍ മുക്കാല്‍ നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ തിരുത്താനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന കടുത്തപാതകമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിന്നും മുസ്ലിംകളുടെ പങ്ക് തുടച്ചു നീക്കാനുള്ള ശ്രമമായെ ഇതിനെ കാണാന്‍ പറ്റുകുയുള്ളൂവെന്ന് യോഗം വിലയിരുത്തി.

വൈദേശികാധിപത്യത്തിനെതിരെ പടപൊരുതി ഇന്ത്യക്ക് സ്വാന്ത്ര്യം നേടിക്കൊടുത്ത ധീരദേശാഭിമാനികളെ ഭാവിതലമുറ എക്കാലവും സ്മരിക്കപ്പെടണം. ചരിത്രകാരന്മാരും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകരും പ്രശ്നത്തില്‍ ഇടപെട്ട് ചരിത്രം മാറ്റി തിരുത്താനുള്ള ഐ.സി.എം.ആറിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.ടി ആബ്ദുല്ല മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ്. ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari