Pages

സ്വാതന്ത്ര്യസമര സേനാനിയുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം

തിരൂരങ്ങാടി: മലബാറിലെ അധിനിവേശ വിരുദ്ധപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കൂടിയായ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം. ആണ്ടുനേര്‍ച്ചക്കിടയില്‍ വന്ന സ്വാതന്ത്യദിനത്തില്‍ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അനുസ്മരിക്കുന്ന വേദി കൂടിയായി മമ്പുറം മഖാം.

ആത്മീയമായും സാമൂഹികമായും ഇടപെടലുകള്‍ നടത്തി സമ്പൂര്‍ണ വിമോചന പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച മഹത് വ്യക്തിയായിരുന്നു മമ്പുറം തങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിനെതിരെ സന്ധിയില്ലാസമരത്തിന് ആഹ്വാനം ചെയ്യുകയും ബഹുജനങ്ങളെ അണിനിരത്തി പോരാട്ടങ്ങള്‍ നടത്തുകയും ചെയ്ത മമ്പുറം തങ്ങളുടെ ചരിത്രം പുതിയ കാലത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയതങ്ങളുടെയും ചരിത്രം സ്കൂൾ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ എം ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി അധ്യക്ഷനായി. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, വി.പി കോയക്കുട്ടി തങ്ങള്‍ മമ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി എന്നിവർ സംബന്ധിച്ചു. വി. ജഅ്ഫർ ഹുദവി ഇന്ത്യനൂർ സ്വാഗതവും പി.കെ നാസർ ഹുദവി ഇന്ത്യനൂർ നന്ദിയും പറഞ്ഞു.
- Mamburam Andunercha