Pages

2020ല്‍ സെലക്ഷന്‍ ലഭിച്ചവര്‍ക്ക് അടുത്ത വര്‍ഷം ഹജ്ജിന് അവസരം നല്‍കണം: SKIMVB

ചേളാരി: 2020ല്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് അവസരം ലഭിക്കുകയും എന്നാല്‍ കോവിഡ്-19 വിലക്ക് കാരണം ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് 2021ലെ ഹജ്ജിന് അവസരം നല്‍കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും, ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി സമസ്ത അംഗാകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10,275 ആയി. ശംസുല്‍ ഉലമാ മദ്റസ - നെത്തിലപ്പടവ് (ദക്ഷിണ കന്നഡ), എഡീറ അക്കാദമി മദ്റസ - ചിനക്കല്‍, മൂന്നിയൂര്‍, മദ്റസത്തുല്‍ ബാഫഖി - മാങ്ങോടമ്മല്‍, മൈത്ര (മലപ്പുറം), മദ്റസത്തു തഖ്വ - കല്ലടിക്കുന്ന് (പാലക്കാട്), മിസ്ബാഹുല്‍ ഹുദാ മദ്റസ - മുരിയങ്കര, പിണര്‍മുണ്ട (എറണാകുളം), ശംസുല്‍ ഉലമാ മെമ്മോറിയല്‍ മദ്റസ - ഹയ്യ് അന്നസീം (ജിദ്ദ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത ഓണ്‍ലൈന്‍ മദ്റസ ചാനല്‍ വഴി വെള്ളിയാഴ്ചകളില്‍ പൊതുജനങ്ങള്‍ക്ക് 'തിലാവ' ക്ലാസ് നടത്താനും തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം. മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari