സൂഖ് ഉക്കാള് അറബി കവിതാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
ഹിദായ നഗര്‍: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ അറബി ഭാഷാ പഠന വിഭാഗം സംഘടിപ്പിച്ച സംസ്ഥാന അറബി കവിതാ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലാ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ പ്രഫസര്‍ ഡോ. വീരാന്‍ മൊയ്തീന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സി. എച്ച് ത്വയ്യിബ് ഫൈസി, ഫൈസല്‍ ഹുദവി പട്ടാമ്പി, എം. കെ ജാബിറലി ഹുദവി, അബ്ദു ശകൂര്‍ ഹുദവി ചെമ്മാട്, എ. പി മുസ്ഥഫ ഹുദവി അരൂര്‍, ശറഫുദ്ദീന്‍ ഹുദവി പറപ്പൂര്‍, അബ്ദുല്ല അമാനത്ത്, അബ്ദുറഷീദ് വാഫി എന്നിവര്‍ സംബന്ധിച്ചു.
ചാമ്പന്‍ഷിപ്പിന്റെ ഭാഗമായി നടന്ന അറബി കവിതാ ശില്‍പശാലക്ക് സയ്യിദ് ഹുസൈന്‍ ജമലുല്ലൈല്‍ ഹുദവി നേതൃത്വം നല്‍കി.
അന്‍പതോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ തൂത ദാറുല്‍ഉലൂം ദഅ്‌വാ കോളേജ് വിദ്യാര്‍ഥി സല്‍മാനുല്‍ ഫാരിസ് ഒന്നാം സ്ഥാനം നേടി. ദാറുല്‍ഹുദാ ഡിഗ്രി വിദ്യാര്‍ഥി മുഹമ്മദ് ശഫീഅ്, കാവനൂര്‍ മജ്മഅ് വിദ്യാര്‍ഥി സാലിം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.