Pages

മമ്പുറത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകി ജീരകക്കഞ്ഞി സല്‍ക്കാരം

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചക്കാലത്ത് വിവിധയിടങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരക്കായി പോഷകസമ്പുഷ്ടമായ ജീരകക്കഞ്ഞി നല്‍കിയാണ് മഖാം ഭാരവാഹികള്‍ സ്വീകരിക്കുന്നത്. രാവിലെ ആറ് മണിക്ക് ജീരകക്കഞ്ഞിയുടെ പാചക തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഒമ്പത് മുതല്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വെച്ചാണ് വിതരണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ഈ സല്‍ക്കാര രീതിയെന്ന് ഭാരവാഹികള്‍ പറയുന്നു. വിദൂരങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കും മഖാമുമായി ചുറ്റിപ്പറ്റിക്കഴിയുന്ന ജനങ്ങള്‍ക്കുമാണ് ജീരകക്കഞ്ഞി വിതരണം ചെയ്യാറുള്ളത്.
മമ്പുറത്തെ ജീരകക്കഞ്ഞി വിവിധ രോഗങ്ങള്‍ക്ക് ശമനം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നവരാണ് അധിക പേരും. നേര്‍ച്ചക്കാലത്ത് മഖാമിനടുത്തുള്ള ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് പരിസത്ത് പ്രത്യേക തയ്യാറാക്കിയ പന്തലിലാണ് കഞ്ഞിയുടെ പാചകവും വിതരണവും. സത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കഞ്ഞികുടിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഇവിടെ ഏര്‍പെടുത്തിയിട്ടുണ്ട്. നേര്‍ച്ചക്കാലം കഴിഞ്ഞാല്‍ എല്ലാ റമദാനിലെയും വ്യാഴാഴ്ച രാത്രികളിലാണ് ജീരകക്കഞ്ഞി വിതരണം നടക്കാറുള്ളത്. പച്ചരി, പുഴുങ്ങല്ലരി, നെയ്യ്, ചെറിയ ഉള്ളി, ജീരകം, തേങ്ങ എന്നിവ ചേര്‍ത്തത്താണ് മമ്പുറത്തെ ക്കഞ്ഞി പാചകം ചെയ്യാറുള്ളത്.
- Mamburam Andunercha