Pages

ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഗവണ്‍മെന്റ് നടപടി എടുക്കണം: SKSSF

തൃശൂര്‍: ചേര്‍പ്പ് സി എന്‍ എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം ഗുരുപൂര്‍ണ്ണിമ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി നമ്മുടെ ജനാധിപത്യ മതേതര രാജ്യത്തിന്റെ ബഹുസ്വരതയെ അപകടപ്പെടുത്തുന്നതുമാണെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ എയ്ഡഡ് സ്‌കൂളില്‍ ആര്‍ എസ് എസ് പ്രചരണം ലക്ഷ്യമിട്ട് അവര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണിത്. ഗവണ്‍മെന്റ് ശമ്പളം കൊടുക്കുന്ന സ്‌കൂളില്‍ ഹൈന്ദവ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. മുസ്‌ലിം മത വിശ്വാസ പ്രകാരം മനുഷ്യന്റെ പാദപൂജ അടക്കമുള്ള പൂജകള്‍ മതവിരുദ്ധവും മതസ്വാതന്ത്രത്തെ ഹനിക്കുന്ന പരിപാടിയുമാണ്. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ ചൂഷണം ചെയ്ത് നടത്തിയ ഈ പരിപാടിക്ക് എതിരെ ഗവണ്‍മെന്റ് ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൃശൂര്‍ എം ഐ സിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ മീറ്റ് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാഫിള് അബൂബക്കര്‍ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം സംസ്ഥാന കമ്മറ്റിയുടെ പദ്ധതി അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട്, മുന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പഴുന്നാന തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ അമീന്‍ കൊരട്ടിക്കര സ്വാഗതവും ജോയന്റ് സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി നന്ദിയും പറഞ്ഞു.
ഫോട്ടോ: തൃശൂര്‍ എം ഐ സിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്യുന്നു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur