Pages

ശരീഅത്ത് അറിയാത്തവര്‍ അഭിപ്രായം പറയേണ്ട : SKSSF

കോഴിക്കോട് : മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹ റജിസ്‌ട്രേഷന്‍ 16 വയസ്സ് നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശൈശവ വിവാഹം പ്രോല്‍സാഹിപ്പിക്കലാണെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം ബാലിശമാണെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നത് അത്യപൂര്‍വ്വം മാത്രമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ മാത്രം നടക്കുന്ന ഇത്തരം വിവഹങ്ങളുടെ റജിസ്‌ട്രേഷന് സാങ്കേതിക തടസ്സം ഒഴിവാക്കാന്‍ മാത്രമാണ് പുതിയ സര്‍ക്കുലര്‍ പ്രയോജനപ്പെടുന്നത്. ഇതിനെ ശൈശവ വിവാഹ നിരോധന നിയമവുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരമാണ്. പുതിയ സര്‍ക്കുലര്‍ സാമൂഹിക അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്ന് പ്രചരിപ്പിക്കുന്നവരാണ് വിവാദത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സര്‍ക്കാര്‍തിരിച്ചറിയണം. വിവാദങ്ങള്‍ വരുമ്പോഴേക്കും ഒളിച്ചോടുന്നതിന് പകരം ഇച്ഛാശക്തി കാണിക്കാന്‍ അധികാരികള്‍ക്ക് സാധിക്കണം. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ശരീഅത്ത് നിയമങ്ങളെ കുറിച്ച് അറിവില്ലാത്തവര്‍ മുസ്‌ലിം സമുദായത്തിന്റെ പേരില്‍ അഭിപ്രായം പറയേണ്ടതില്ലന്ന് പ്രസ്താവനയില്‍ പറഞ്ഞു.
വൈസ്. പ്രസി. സിദ്ധീഖ് ഫൈസി വെണ്‍മണല്‍ അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ അബ്ദുല്‍റഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, കെ ഉമര്‍ ദാരിമി, ഇബ്രാഹീം ഫൈസി, മുസ്തഫ അശ്‌റഫി, ബഷീര്‍ ഫൈസി, പി എം റഫീഖ് അഹമ്മദ്, കെ മമ്മുട്ടി മാസ്റ്റര്‍ , ബിശ്‌റുല്‍ഹാഫി, ഷാനവാസ് മാസ്റ്റര്‍ , അബ്ദുസ്സലാം ദാരിമി, അയ്യൂബ് കൂളിമാട് എന്നിവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തല്ലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE