കോഴിക്കോട്: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ച പ്രവാചകന്റേതെന്ന വ്യാജകേശവും തുടര്‍സംഭവങ്ങളും സംബന്ധിച്ച് കോഴിക്കോട് വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ടും, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും കൈക്കൂലി മണക്കുന്നുണ്ടെന്ന് എസ്.വൈ.എസ്. സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഹാജി. കെ.മമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി പ്രസ്താവിച്ചു.
ശഅ്‌റെ മുബാറക് മസ്ജിദ് എന്ന പേരില്‍ നാട്‌നീളെ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചതും, 1000രൂപ കൂപ്പണ്‍ നല്‍കി വ്യാപക പിരിവ് നടത്തിയതും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് കാണാനായില്ലെങ്കില്‍ കണ്ണടപ്പിക്കുന്ന തന്ത്രം വിജയിച്ചു എന്നാണ് മനസിലാവുക.
വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ ക്രമസമാധാനഭംഗം ഭയന്നാണ് തുടര്‍ അന്വേഷണമില്ലാത്തതെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും ആശങ്കയുണ്ടാക്കുന്നു. നീതി ബോധം, നിയമവാഴ്ച ഇതിന്റെയൊക്കെ അപ്പുറമാണോ, ഈ വിശ്വാസ പ്രശ്‌നമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
സര്‍ക്കാര്‍ തലത്തില്‍ കാന്തപുരത്തിന്റെ ബിനാമികളും, കിംബളം പറ്റുന്നവരുമുണ്ടെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ് പുറത്ത് വന്ന വാര്‍ത്ത. നീതിബോധമുള്ളവരുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു.