Pages

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കോട്ടുമല ഉസ്താദ് പുരസ്‌കാരം മുഖ്യമന്ത്രി സമര്‍പ്പിക്കും

തിരുവനന്തപുരം: പട്ടിക്കാട് ജാമിയ നൂരിയ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് 50 ഫൈസി പ്രതിഭകള്‍ക്ക് നല്‍കപ്പെടുന്ന കോട്ടുമല ഉസ്താദ് സ്മാരക പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ക്കും പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപഹാരം സമര്‍പ്പിക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിലാണ് ഉപഹാര സമര്‍പ്പണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രതിഭകളെ ആദരിക്കും. ജാമിയ നൂരിയ അറബിയ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമാ പ്രസിഡന്റായി പൊതുപ്രവര്‍ത്തനമാരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 1975ല്‍ ആണ് ജാമിയ്യയില്‍ നിന്ന് ബിരുദം നേടിയത്. നിലവില്‍ ജാമിയയുടെ പ്രസിഡന്റ് കൂടിയാണ് തങ്ങള്‍. 1968ല്‍ ജാമിയ നൂരിയയില്‍നിന്ന് ബിരുദംനേടിയ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ജാമിയയുടെ പ്രിന്‍സിപ്പലാണ്.