Pages

ഉദ്യോഗ-ഭരണരംഗത്തെ മുസ്‌ലിം അവഗണന: പരിഹാരമനിവാര്യം എസ്.വൈ.എസ്.

കോഴിക്കോട്: കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പത്രണ്ട് യൂണിവേഴ്‌സിറ്റികളിലും കൂടി പ്രധാന ഉദ്യോഗ തലങ്ങളില്‍ മൂന്ന് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. വി.സി., പി.വി.സി, രജിസ്ത്രാര്‍ തസ്തികകളിലായി നായര്‍ 12, ഈഴവന്‍ 8, ക്രിസ്ത്യന്‍ 5, മറ്റുള്ളവര്‍ 4. ഈ വിഭാഗത്തില്‍ മുസ്‌ലിം പ്രാതിനിധ്യം കേവലം 2 മാത്രമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു വൈസ് ചാന്‍സലറും ഒരു രജിസ്ത്രാറും മാത്രമാണ് മുസ്‌ലിം സമുദായ പ്രാതിനിധ്യമെന്നും ഈ അവഗകണന അനീതിയാണെന്നും സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, ഹാജി കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 
കേന്ദ്ര സര്‍ക്കാറില്‍ ഏഴ് കോണ്‍ഗ്രസ് മന്ത്രിമാരെ കേരളത്തില്‍ നിന്ന് പ്രഖ്യാപിച്ചപ്പോഴും ഒരു മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായില്ല. ജാതി സമതുലിതാവസ്ഥ വാദക്കാരായ ജനപ്രതിനിധികളോ, ജാതി നേതാക്കളോ ഇത്തരം കാര്യത്തില്‍ മൗനം പാലിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയെങ്കിലും സാമൂഹിക നീതി പാലിക്കുന്ന വിധം നിലപാടുകള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പോലും അപ്രഖ്യാപിത മുസ്‌ലിം വിരോധം നിലനിര്‍ക്കുകയാണ്. ഉദ്യോഗ രംഗത്തെ സവര്‍ണ ഫാസിസം എല്ലാ സീമകളും ലംഘിച്ചു കീഴടക്കല്‍ പ്രവണത തുടരുകയാണെന്ന് സംശയിക്കണം.
മലപ്പുറം ജില്ലയിലെ തുച്ചന്‍പറമ്പില്‍ പുതുതായി സ്ഥാപിതമായ മലയാളം യൂണിവേഴ്‌സിറ്റിയുടെ വി.സി.യായിപോലും ഒരു മുസ്‌ലിമിനെ പരിഗണിക്കാതിരുന്നത് ശരിയായ നടപടിയായില്ല. ഇടതു-വലതു പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുഖം നഷ്ടപ്പെടുന്ന വിധമാണ് കേരളത്തില്‍ പോലും മുസ്‌ലിം അവഗണനങ്ങളെന്ന് നേതാക്കള്‍ പറഞ്ഞു.