മലപ്പുറം നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കാളമ്പാടി. 'സമസ്ത’എന്ന കേരള മുസ്‌ലിം രാജവീഥിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ശംസുല്‍ ഉലമയും കൂറ്റനാട് കെ.വി.ഉസ്താദുമടക്കമുള്ള നിരവധി പണ്ഡിതപ്രതിഭകളുടെ ഉസ്താദുമായിരുന്ന ശൈഖുനാ കോമു മുസ്‌ലിയാരും നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്ന് കൊടുത്ത പണ്ഡിത കുലപതി ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും വളര്‍ന്നതും ജീവിച്ചതും ഈ പ്രദേശത്താണ്. ധന്യമായ ഈ ജീവിതങ്ങള്‍ കൊണ്ട് ഇവിടം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും മാലോകര്‍ അറിഞ്ഞ ഈ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം പക്ഷേ, ഈ നാട് പറഞ്ഞു കേട്ടിരുന്നില്ല. കോട്ടുമല ഉസ്താദ് ഏറെക്കാലം ദര്‍സ് നടത്തിയ വേങ്ങരക്കടുത്ത കോട്ടുമല എന്ന ദേശമാണ് ആ മഹാന്‍റെ പേരിനൊപ്പം അടയാളപ്പെട്ടു കിടക്കുന്നത്.
അദ്ദേഹത്തിന്‍റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ നിലവിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്താദ് കോട്ടുമല ബാപ്പുമുസ്‌ലിയാരും താമസിക്കുന്നത് കാളമ്പാടി യിലാണെങ്കിലും പിതാവിനെ പോലെ തന്നെ കോട്ടുമല എന്ന പ്രദേശം ചേര്‍ന്നാണ് അദ്ദേഹവും അറിയപ്പെടുന്നത്.
കോട്ടുമല ഉസ്താദിന്‍റെ നിത്യസ്മരണ നില നിര്‍ത്താന്‍ ശിഷ്യന്മാരും കുടുംബവും പാടുപെട്ടു പണിതുയര്‍ത്തിയ പ്രമുഖ ഇസ്‌ലാമിക കലാലയമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സും നിലകൊള്ളുന്നത് കാളമ്പാടിയിലാണ്.
അദ്ദേഹത്തിന്‍റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ നിലവിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്താദ് കോട്ടുമല ബാപ്പുമുസ്‌ലിയാരും താമസിക്കുന്നത് കാളമ്പാടി യിലാണെങ്കിലും പിതാവിനെ പോലെ തന്നെ കോട്ടുമല എന്ന പ്രദേശം ചേര്‍ന്നാണ് അദ്ദേഹവും അറിയപ്പെടുന്നത്.
കോട്ടുമല ഉസ്താദിന്‍റെ നിത്യസ്മരണ നില നിര്‍ത്താന്‍ ശിഷ്യന്മാരും കുടുംബവും പാടുപെട്ടു പണിതുയര്‍ത്തിയ പ്രമുഖ ഇസ്‌ലാമിക കലാലയമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സും നിലകൊള്ളുന്നത് കാളമ്പാടിയിലാണ്.
കാളമ്പാടി റോഡില്‍നിന്നു നടപ്പാതയിലൂടെ അല്‍പം പോയാല്‍ കാണുന്ന ഒരു കവുങ്ങിന്‍ തോട്ടത്തിലെ, സിമന്റിടാത്ത ഒരു കൊച്ചുകൂരയിലാണ് ആ മഹാന്‍ ജീവിച്ചത്. മേല്‍ക്കൂരയുടെ ചുമര്‍ കവുങ്ങുകള്‍ക്കിടയിലൂടെ തെളിഞ്ഞുകാണാമായിരുന്ന അത് പഴമയുടെ പ്രതീകമായിരുന്നു. അതിനേക്കാള്‍ പഴമയും പാരമ്പര്യവും എന്നു മാത്രമല്ല ലാളിത്യവും എളിമയും സൂക്ഷ്മതയും എല്ലാം ചേര്‍ന്നതായിരുന്നു ആ പണ്ഡിത ശ്രേഷ്ഠരും.
എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരുന്നേ ആ പണ്ഡിതനെ ആര്‍ക്കും കാണാനാകുമായിരുന്നുള്ളൂ. വിനയവും ലാളിത്യവുമുള്ള ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം. ചോദിക്കുന്നതിന് വേഗം മറുപടി കിട്ടുമായിരുന്നില്ല. ചോദ്യത്തിന്റെ അരികുകളെല്ലാം ഉറപ്പു വരുത്തിയതിനു ശേഷം മറുപടി, കുറഞ്ഞ വാക്കുകളില്‍, അതും തനി നാട്ടു ഭാഷയില്‍. അതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകൃതം.
മത വൈജ്ഞാനിക പ്രചരണ രംഗത്തും ‘സമസ്ത’യുടെ പ്രവര്‍ത്തന വഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും നിറവുള്ള മഹാനായിരുന്നു കാളമ്പാടി ഉസ്താദ്.
1971-ല്‍ മെയ് രണ്ടിന് പട്ടിക്കാട് ജാമിഅയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് കാളമ്പാടി ഉസ്താദിനെ മുശാവറ അംഗമായി തെരഞ്ഞെടുക്കുന്നത്. എന്‍.കെ.മുഹമ്മദ് മുസ്‌ലിയാര്‍, ഉണ്ണിമോയിന്‍ ഹാജി തുടങ്ങിയവരെയും ഇതേ മുശാവറയിലായിരുന്നു അംഗങ്ങളായി തെരഞ്ഞെടുത്തത്.
റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരായിരുന്നു അന്ന് ‘സമസ്ത’യുടെ പ്രസിഡന്‍റ്. സമസ്തയുടെ മഹിതമായ സന്ദേശം നാടുകളില്‍ എത്തിക്കാനും മദ്‌റസകള്‍ സ്ഥാപിക്കാനും ഏറെ സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത കാളമ്പാടി ഉസ്താദ് ഒരു കാലത്തും പദവികളോ അലങ്കാരങ്ങളോ ആഗ്രഹിച്ചിരുന്നില്ല. സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളേയും കുറിച്ചു പറയാനും അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. മൈത്ര, അരീക്കോട് എന്നിവിടങ്ങളില്‍ മുദരിസായിരുന്ന കാലത്ത് അരീക്കോടിന്റെ ഉള്‍നാടുകളില്‍ മദ്‌റസകള്‍ സ്ഥാപിക്കാന്‍ ഉസ്താദ് നടത്തിയ ത്യാഗ വഴികളെ കുറിച്ച് മര്‍ഹൂം ആനക്കര സി. കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ പറയാറുള്ളതായി ‘സമസ്ത’ യുടെ ചരിത്രകാരനും മുശാവറ അംഗവുമായ പി.പി.മുഹമ്മദ് ഫൈസി പറയുന്നു.
അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്‍റെ ആശയം ജീവിതത്തിന്‍റെ വിജയ വഴിയാണെന്ന് ജനതയെ ഓര്‍മിപിക്കാനും പഠിപ്പിക്കാനും ഒരു കാലത്ത് ഉസ്താദ് നടത്തിയ നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ സമസ്തയെന്ന മഹിത പ്രസ്ഥാനത്തിന്റെ ചരിത്ര സാന്നിധ്യമാണ്. അല്ലാഹുവിന്റെ തൃപ്തിയില്‍ മാത്രം പ്രതീക്ഷയും ആഗ്രഹവും സമര്‍പ്പിച്ചുള്ളവയായിരുന്നു ആ പരിശ്രമങ്ങളൊക്കെ.

പഠനം, സേവനം, കുടുംബം
1934-ല്‍ അരിക്കത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍ നിന്നുതന്നെയായിരുന്നു. പിന്നീട്, മലപ്പുറത്തെ എയിഡഡ് മാപ്പിളസ്‌കൂളില്‍പോയി രാവിലെ പത്ത്മണിവരെ അവിടെനിന്ന് ദീനിയ്യാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലാമന്തോള്‍ മമ്മൂട്ടിമൊല്ലാക്കയായിരുന്നു ഉസ്താദ്. പത്തുമണി കഴിഞ്ഞാല്‍ സ്‌കൂള്‍ പഠനമാണ് അവിടെ നടന്നിരുന്നത്. അഞ്ചാംക്ലാസ് വരെ അവിടെ തന്നെപോയി. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ രമാപുരത്തുകാരന്‍ സൈതാലിക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നു. അവിടെനിന്നു മുതഫര്‍രിദ് പഠിച്ചു. അറിവിന്‍റെ ഉത്തുംഗമായ ലോകത്തേക്ക് അങ്ങനെ ഔപചാരികമായി പ്രവേശിച്ചു.
ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്‍റെ പ്രശസ്തമായ ദാര്‍സില്‍ ചേര്‍ന്നു. സമസ്തയുടെ ചരിത്രത്തില്‍ ചിന്തകൊണ്ടും കര്‍മംകൊണ്ടും പാണ്ഡിത്യം കൊണ്ടുമെല്ലാം ഇതിഹാസത്തിന്‍റെ അല്‍ഭുതലോകം സൃഷ്ടിച്ച പല മഹാ പ്രതിഭകളെയും സംഭാവന ചെയ്യാന്‍ കോട്ടുമല ഉസ്താദിന്റെ ഈ ദര്‍സിനും കോട്ടുമലയിലെ ദര്‍സിനും സാധിച്ചിട്ടുണ്ട്. ഇ.കെ.ഹസന്‍ മുസ്‌ലിയാരും എം.എം.ബശീര്‍ മുസ്‌ലിയാരുമൊക്കെ കോട്ടുമല ഉസ്താദ് ഈ ദര്‍സുകളിലൂടെ സമുദായത്തിനു നല്‍കിയ അനുഗ്രഹങ്ങളായിരുന്നു. പ്രമുഖ പണ്ഡിതനും മുശാവറ അംഗവുമായ ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്‍റെ സഹപാഠിയായിരുന്നു.
ശര്‍ഹുല്‍ അഖാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ കിതാബുകള്‍ കോട്ടുമല ഉസ്താദില്‍ നിന്നാണ് ഓതിയത്. ഇവിടത്തെ രണ്ടു വര്‍ഷ പഠനത്തിനു ശേഷം1959-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് ഉപരി പഠനത്തിനു പുറപ്പെട്ടു. ശൈഖ് ആദം ഹസ്രത്ത്, അബൂബക്ര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു. വെല്ലൂരിലെ അക്കാലത്തെ പ്രഗത്ഭ ഉസ്താദുമാര്‍. 1961-ല്‍ ബാഖവി ബിരുദമെടുത്തു.
1959-ല്‍ ശൈഖുനാ കോമു മുസ്‌ലിയാരുടെ സഹോദരനായ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. ആറ് ആണും അഞ്ച് പെണ്ണുമടക്കം പതിനൊന്ന് മക്കളായിരുന്നു അദ്ദേഹത്തിന്.
8 വര്‍ഷത്തെ പക്വമായ നേതൃത്വത്തിലൂടെ സമസ്തക്കും അതിലൂടെ സമുദായത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് കേരളീയ മുസ്ലിംകള്‍ എന്നും ആ മഹാമനീഷിയോട് കടപ്പെട്ടിരിക്കുന്നു.-റിപ്പോര്‍ട്ട് :റഹ് മാനി വഴിപ്പാറ .