Pages

ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്; അകലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ശ്രദ്ധേയമായി


അകലാട് : "ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്" എന്ന പ്രമേയത്തെ അധികരിച്ച് SKSSF അകലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ശ്രദ്ധേയമായി. ഉസ്താദ്‌ ഹംസ ബിന്‍ ജമാല്‍ റംലി അദ്ധ്യക്ഷത വഹിച്ച പരിപാടി സമസ്ത മുശാവറ അംഗം എം കെ എ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജലീല്‍ സഖാഫി പുല്ലാര, മുസ്തഫ അശ്രഫി കക്കുപടി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം,ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പ്രസംഗിച്ചു. SKSMF അകലാട് കമ്മിറ്റി പ്രസിഡന്‍റ്‌ അബ്ദുല്‍ ഗഫൂര്‍ ഖാസിമി സ്വാഗതം പറഞ്ഞു. ഐക്യത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന കേരളത്തിലെ സുന്നി സമൂഹത്തില്‍ ഛിദ്രതയുടെയും അനൈക്യത്തിന്‍റെയും വിത്ത് പാകുകയും നിരന്തരം സമൂഹത്തില്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ ഉണര്‍ത്തുന്ന 'മാനവികത' യുടെ തനിനിറം പ്രബുദ്ധ കേരളം തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് ഇസ്മായില്‍ സഖാഫി തോട്ടുമുക്കം അഭിപ്രായപ്പെട്ടു. വ്യാജ തിരുകേശം ഉള്‍പ്പെടെ മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്ന മുഴുവന്‍ ചൂഷണ ശ്രമങ്ങള്‍ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.