Pages

``ഗുണകാംക്ഷയാവണം വിശ്വാസിയുടെ ലക്ഷ്യം'' : കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍

ചേളാരി : സൃഷ്‌ടാവും, സൃഷ്‌ടികളും തമ്മിലുള്ള കടമകള്‍ പഠിപ്പിക്കുന്നതിനാണ്‌ ഒന്നേക്കാല്‍ ലക്ഷത്തിലധികം പ്രവാചകന്‍മാര്‍ ഭൂമിയില്‍ നിയോഗിക്കപ്പെട്ടത്‌. മനുഷ്യ സമൂഹത്തിന്നും മറ്റ്‌ പ്രതിഭാസങ്ങള്‍ക്കും ഗുണകാംക്ഷികളായി തീരാനാണ്‌ വിശ്വാസികളോട്‌ കല്‍പ്പിക്കപ്പെട്ടതും. ഈ ഗുണകാംക്ഷയാണ്‌ സത്യദീനിന്റെ മഹദ്‌ ലക്ഷ്യമെന്ന്‌ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. 2012 ജനുവരി 23ന്‌ തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്ന്‌ തുടങ്ങിയ സമസ്‌ത സന്ദേശ യാത്രക്ക്‌ കാഞ്ഞങ്ങാട്‌ നല്‍കിയ ഗംഭിര സ്വീകരണത്തിന്ന്‌ നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദുന്നവ്വിയായ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി ഇസ്‌ലാമിനെ മറയാക്കുന്നവര്‍ മതത്തിന്റെ മൂല്യങ്ങളാണ്‌ നിരാകരിക്കുന്നത്‌. സൃഷ്‌ടാവിന്റെ ഹിതമാവണം സൃഷ്‌ടികളുടെ ലക്ഷ്യം. പകയും, വിദ്വേഷവും ചൂഷണ മനസ്സുമല്ലാത്ത ശുദ്ധ ഹൃദയത്തില്‍ നിന്നാണ്‌ ഗുണകാംക്ഷ പിറക്കുന്നത്‌ ഈ മഹദ്‌ ഭാവം വളര്‍ത്തി വലുതാക്കിയെടുക്കുന്നതില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2012 ഫെബ്രുവരി 23 മുതല്‍ 26 വരെ മലപ്പുറം കൂരിയാട്‌ നടക്കുന്ന 85-ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ചതായിരുന്നു സന്ദേശയാത്ര. പതിനാറ്‌ ജില്ലകളി ലെ 58 സ്വീകരണ സ്ഥലങ്ങളില്‍ സംബന്ധിച്ച്‌ കാസര്‍ഗോഡ്‌ ജില്ലയിലെത്തിയ യാത്രക്ക്‌ രാജേജിത വരവേല്‍പ്പാണ്‌ നല്‍കപ്പെട്ടത്‌.
വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എം.ടി.അബ്‌ദുള്ള മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ്‌ ഫൈസി, അബ്‌ദുറഹിമാന്‍ കല്ലായി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഫരീദ്‌ റഹ്‌മാനി, എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, അഹമ്മദ്‌ തേര്‍ളായി പ്രസംഗിച്ചു.