
മുന്‍കാല അനുഭവങ്ങള്‍ പാഠമാക്കി, ജംറകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് വ്യാപക ക്രമീകരണങ്ങളാണ് സഊദി ഭരണകൂടം ഒരുക്കിയിരുന്നത്. ജംറകള്‍ക്കു ചുറ്റും പല തട്ടിലുള്ള പാലങ്ങള്‍ നിര്‍മിച്ചാണ് തിക്കും തിരക്കും അനുഭവിക്കാതെ കല്ലെറിയല്‍ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കിയത്. രാത്രിയിലും കല്ലെറിയല്‍ ചടങ്ങിന് സൗകര്യം ഒരുക്കിയത് തിരക്ക് ഒഴിവാക്കുന്നതിന് കൂടുതല്‍ സഹായകരമായി. 1990ല്‍ ജംറകളിലെ തിക്കിലും തിരിക്കിലും പെട്ട് 1426 തീര്‍ത്ഥാടകര്‍ മരിക്കാന്‍ ഇടയായിരുന്നു. 2004ല്‍ 251ഉം 2006ല്‍ 364 ഉം പേര്‍ ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജംറകളില്‍ സഊദി സര്‍ക്കാര്‍ വന്‍ വികസന പദ്ധതി നടപ്പാക്കിയത്. ഇത്തവണ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വികസന പദ്ധതികള്‍ വിജയം കണ്ടെന്ന സൂചനയായി.
മദീനയില്‍ പ്രവാചക പള്ളിയിലും റൗളാ ശരീഫിലും സന്ദര്‍ശനം നടത്തി ഹജ്ജിനെത്തിയ തീര്‍ത്ഥാടകരാണ് ഇന്നുമുതല്‍ മടക്കയാത്ര ആരംഭിക്കുക. അല്ലാത്തവര്‍ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മദീനയില്‍ സന്ദര്‍ശനം നടത്തിയേ നാട്ടിലേക്ക് തിരിക്കൂ. ഇസ്ലാമിക ചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ ബദര്‍, ഉഹദ് രണഭൂമികളും നൂര്‍ മലയും ഹിറാ ഗുഹയുമെല്ലാം സന്ദര്‍ശിക്കുന്ന ഹാജിമാരുടെ മടക്കയാത്ര ഏതാനും ദിവസം കൂടി വൈകും. മലയാളി ഹാജിമാരുടെ മടക്കയാത്ര നാളെയാണ്ആരംഭിക്കുക. ചാര്‍ട്ടേഡ് വിമാനങ്ങളുടെ ക്രമീകരണത്തിന് അനുസരിച്ചായിരിക്കും ഇവരുടെ മടക്കയാത്ര.

ഹജ്ജിന്റെ ചുമതല വഹിക്കുന്ന സഊദി കിരീടാവകാശി നാഇഫ് രാജകുമാരന്റെ നേതൃത്വത്തില്‍ അവസാന നിമിഷം വരെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന് മികച്ച പ്രവര്‍ത്തനമാണ് ഹജ്ജ് മന്ത്രാലയം കാഴ്ചവെച്ചത്. മക്ക മെട്രോ എന്ന പേരില്‍ അറിയപ്പെടുന്ന മിന, മുസ്ദലിഫ, അറഫ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള മശാഹിര്‍ റെയില്‍വേ തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായി.