ഇതുവഴി അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് ഭൂമിയില്‍ ജനിക്കാനുള്ള പെണ്‍കുട്ടികളുടെ അവകാശത്തെ നിഷ്കരുണം നിഷേധിക്കലാണ്.
പെണ്‍കുട്ടികള്‍ കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതയാണെന്നും സ്ത്രീജന്‍മം അശുഭകരമാണെന്നുമുള്ള മാനസികാവസ്ഥയിലേക്ക് ഈ തലമുറയെ നമ്മുടെ സാമൂഹിക ദുരാചാരങ്ങള്‍ നേരത്തെതന്നെ കൊണ്ടെത്തിച്ചു കഴിഞ്ഞിട്ടുണ്ട്. വൈവാഹികരംഗത്തുള്ള സ്വര്‍ണ്ണത്തിന്റെയും സ്ത്രീധനത്തിന്റെയും ദുസ്വാധീനമാണ് ഈയൊരു സ്ഥിതിവിശേഷത്തിനു കാരണം. പെണ്‍കുട്ടികള്‍ക്ക് വരണമാല്യം ലഭിക്കുവാന്‍ പൊന്നുംപണവും നിബന്ധനയാക്കിയ ഒരു സാമൂഹിക വ്യവസ്ഥിതിയാണ് നിലവിലുള്ളത്. രണ്ടുംമൂന്നും പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ വലിയ സ്ത്രീധന തുകക്ക് മുന്നിലും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണവിലക്ക് മുന്നിലും അമ്പരന്നു നില്‍ക്കുകയാണ്. ഒരു ബി.പി.എല്‍ കുടുംബത്തിലെ പെണ്ണിന്പോലും ഇരുപത് പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയുമാണ് കുറഞ്ഞ നിബന്ധന. ഇപ്പോഴത്തെ നിലവാരപ്രകാരം ഏതാണ്ട് ഏഴുലക്ഷം രൂപ! വലിയ അധ്വാനമൊന്നുമില്ലാതെ ലക്ഷങ്ങള്‍ കൈയില്‍ വരുമ്പോള്‍ യുവവരന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ വൈവാഹിക രംഗത്ത് നിന്ന് മൂല്യങ്ങള്‍ അന്യമാക്കിയത് വര്‍ത്തമാനകാല ദുരന്തം. മതങ്ങളും സമൂഹവും പവിത്രമായി കാണുന്ന വിവാഹചടങ്ങ് ആര്‍ഭാടത്തിനും ദുര്‍വ്യയത്തിനുമൊക്കെ നിദാനമാക്കുന്ന ഈ ദുഷിച്ച വ്യവസ്ഥിതി രക്ഷിതാക്കളെ സ്വാഭാവികമായും പെണ്‍ഭ്രൂണഹത്യയിലേക്ക് നയിക്കുന്നു. ഇവര്‍ക്ക് ഈയൊരു ദുഷ്കര്‍മ്മത്തിന് പ്രകടമായി സൗകര്യംചെയ്തുകൊടുക്കുകയാണ് കൃഷ്ണയ്യര്‍ സമിതിയുടെ വികലമായ ശിപാര്‍ശകള്‍. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ പെണ്‍ഭ്രൂണഹത്യകള്‍ വ്യാപകമാകുമെന്നതില്‍ പക്ഷാന്തരമില്ല.
മാനവവിഭവശേഷികൊണ്ട് സാമ്പത്തിക ഉന്നമനം നേടി ലോക സമ്പദ്ഘടനയുടെ ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്ന ചൈന, തലമറന്നെണ്ണ തേച്ചതിന്റെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ശനമായ ജനനനിയന്ത്രണംകൊണ്ട് സ്ത്രീജനസംഖ്യ വളരെയധികം കുറഞ്ഞിരിക്കുന്നതായാണ് അവിടത്തെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് കോടിയോളം യുവാക്കള്‍ പെണ്‍കുട്ടികളെ കിട്ടാതെ അവിവാഹിതരായി കഴിയുന്നു. പലരും വിയറ്റ്നാം പോലുള്ള അയല്‍രാജ്യ പെണ്‍കുട്ടികളെ വധുവായി സ്വീകരിക്കുന്നത് നാം പത്രദ്വാരാ അറിയുന്നു. ഇത് സൂചിപ്പിക്കുന്നത് ഏതൊരു നാട്ടിലും ജനന നിയന്ത്രണമെന്നു പറഞ്ഞാല്‍ പെണ്‍ഭ്രൂണഹത്യയാണ് എന്നതാണ്. ഇത് പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ ഇപ്പോഴത്തെ സാമൂഹിക വ്യവസ്ഥിതിയും അതിനെ ത്വരിതപ്പെടുത്തുന്ന കൃഷ്ണയ്യര്‍ സമിതിയുടെ ശിപാര്‍ശകളും. ജനസംഖ്യാ നിയന്ത്രണത്തിലൂടെ സാമ്പത്തിക ഉന്നമനം പ്രാപിക്കാമെന്ന 18ാം നൂറ്റാണ്ടിലെ മാല്‍ത്തൂസിയന്‍ തിയറി സ്വാധീനിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ സമിതി പക്ഷെ ഈയൊരു പ്രത്യാഘാതം മുന്‍കൂട്ടി കണ്ടില്ല.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളെ ശിക്ഷിക്കുവാനും പിഴചുമത്താനുമുള്ള നിര്‍ദ്ദേശം വികലവും ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണ്. കാലാകാലങ്ങളിലായി ഉണ്ടാക്കപ്പെടുകയും പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന നിയമങ്ങള്‍ രാജ്യപുരോഗതിയും പൗരാവകാശ സംരക്ഷണയും ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്. ഇനിയൊരു തലമുറക്ക് ജനിക്കുവാനുള്ള അവകാ ശത്തെപ്പോലും നിഷേധിക്കുന്ന നിലപാടുകളും നിയമങ്ങളും ഒരു ജനാധിപത്യ സംവിധാനത്തിനൊ സാംസ്കാരിക നിലപാടിനൊ ഭൂഷണമല്ല. ഭൂതകാലത്തോട് നന്ദിയും ഭാവികാലത്തോട് അനുഭാവവും പ്രകടിപ്പിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ബാദ്ധ്യതയാണ്. കാലാകാലങ്ങളിലായി മനുഷ്യസമൂഹം ഇത് പാലിച്ചതിന്റെ ഫലമാണ് ഇന്ന് ജീവിക്കുന്ന തലമുറയും നാം അനുഭവിക്കുന്ന സൗകര്യങ്ങളും. മുന്‍ തലമുറകള്‍ പ്രകൃതിയെ ഒരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്തിരുന്നുവെങ്കില്‍ മഴക്കാടുകളും പച്ചപ്പും പുഴയോരങ്ങളും വര്‍ത്തമാനത്തിന് അന്യമാകുമായിരുന്നു. വരും തലമുറക്ക് ദോഷമുണ്ടാവുമെന്നു കരുതിയാണ് ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്ന ഹരിത ഗൃഹവാതകങ്ങളെ (ഏൃലലി ഒീൗലെ ഏമലെ)െ നാം നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നത്.
കൃഷ്ണയ്യരുടെ നിര്‍ദ്ദേശം അദ്ദേഹത്തിന്റെ ആദരണീയനായ പിതാവിന്റെ തലമുറ പാലിച്ചിരുന്നെങ്കില്‍ അദ്ദേഹം പോലും ഭൂമികാണില്ലായിരുന്നു. കൃഷ്ണയ്യര്‍ പിതാവിന്റെ ഏഴുമക്കളില്‍ നാലാമത്തേതാണെന്നാണ് അറിവ്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ ആ അച്ഛനമ്മമാരുടെ പതിനാലാമത്തെ സന്തതിയാണ്. എന്തിന് മഹാത്മാഗാന്ധിയുടെ മാതാപിതാക്കളെ ഈ ശുപാര്‍ശ പ്രകാരം ജയിലിലടക്കണമായിരുന്നു. അദ്ദേഹം മൂന്നാമത്തെ കുട്ടിയാണ്. ലോകത്തുള്ള മഹാഭൂരിപക്ഷം ചരിത്രപുരുഷന്‍മാരും നേതാക്കളും ബുദ്ധിജീവികളും സീമന്തപുത്രന്‍മാരോ, ദ്വിതീയ സന്താനങ്ങളോ അല്ല. സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ ക്ഷേമത്തിന്റെയും വക്താക്കളും മഹിളാ സംഘടനകളും ഒന്നുംതന്നെ ഇതിനെതിരെ പ്രസക്തമായ രീതിയില്‍ പ്രതികരണം രേഖപ്പെടുത്തിക്കണ്ടില്ല. ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ സമിതി റിപ്പോര്‍ട്ടെന്ന് തിരിച്ചറിയാത്തത് കൊണ്ടോ സാമൂഹ്യ പുരോഗതിക്കും ജനനന്‍മയ്ക്കുമപ്പുറത്ത് അന്ധമായ പ്രസ്ഥാനിക താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടോ ആവാം അത്. സാമൂഹിക പ്രതിബദ്ധതയുള്ള ചില മത സംഘടനകളും നീതിബോധമുള്ള പുരോഗമന സാമൂഹിക സംഘടനകളും ഒറ്റക്കെട്ടായി ഇതിന്നെതിരെ പ്രതികരിച്ചതും ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പും നമുക്ക് ആശക്ക് വകനല്‍കുന്നുണ്ട് (അവ: ചന്ദ്രിക)