ന്യൂഡല്‍ഹി: രാജ്യത്തുനിന്നുളള ഹജ്ജ്് യാത്രയുമായി ബന്ധപ്പെട്ട് പുതിയ നയത്തിനു രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീംകോടതിയുടെ നിര്‍ദേശം. കൂറേ വര്‍ഷങ്ങളായി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും കീഴ്ക്കോടതികളിലും നിലനില്‍ക്കുന്ന നിരവധി കേസുകളുടെ പശ്ചാത്തലത്തിലാണ് ഹജ്ജ് യാത്രാ മേഖലയില്‍ വഴിത്തിരിവായേക്കാവുന്ന പുതിയ നയത്തിനു രൂപം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹജ്ജ് നയത്തിന്റെ ഭാവി കാര്യങ്ങളിലും കോടതി ഇടപെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഹജ്ജ് നയത്തിനു രൂപം നല്‍കേണ്ടത്. നയം ഭരണഘടനാനുസൃതമായിരിക്കണം. നിലവിലുള്ള ഹജ്ജ് നയത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും പുതുതായി രൂപം നല്‍കുന്ന നയം സുപ്രീംകോടതിക്കു മുന്നില്‍ ചര്‍ച്ചക്കു വെച്ച ശേഷം അന്തിമ രൂപം നല്‍കാനും നിര്‍ദേശമുണ്ട്.

ഹജ്ജിന് പ്രതിനിധി സംഘത്തെ അയക്കുന്ന സര്‍ക്കാര്‍ നിലപാടിനെ കോടതി വിമര്‍ശിച്ചു. ഇത് മതപരമായി സാധുവല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇസ്ലാമിക വിധിയനുസരിച്ച് സാമ്പത്തികവും ശാരീരികവുമായ എല്ലാ സാഹചര്യങ്ങളുമുളളവര്‍ക്ക് ത്യാഗബുദ്ധ്യാ നിര്‍ബന്ധമായതാണ് ഹജ്ജെന്നും അത് സര്‍ക്കാര്‍ ചെലവില്‍ പ്രത്യേകക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ ലാഭത്തേക്കാള്‍ ഹാജിമാരുടെ പ്രശ്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഹജ്ജ്് പ്രതിനിധി സംഘത്തിന്റെ ചെലവ്് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നില്ലെന്നും അത് സഊദി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമുളളതാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മാധ്യമങ്ങളോടു പറഞ്ഞു.
സര്‍ക്കാര്‍ ക്വാട്ടയിലെ 800 സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്കു നല്‍കണമെന്നു ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സൂപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേകാനുമതി ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.