Pages

മതസൗഹാര്‍ദ്ധം കാത്തുസൂക്ഷിക്കുക: എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: മഹത്തായ സൗഹാര്‍ദ്ധ പാരമ്പര്യം നിലനില്‍ക്കുന്ന കാസര്‍കോടിന്റെ മണ്ണില്‍ ഇരുളിന്റെ മറവില്‍ അക്രമം അഴിച്ചു വിടുന്ന കൊലയാളികളെ സമൂഹം കരുതിയിരിക്കണമെന്നും അത്തരം നീച ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മത സൗഹാര്‍ദ്ധം കാത്തു സൂക്ഷിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ മാനവര്‍ തയ്യാറാവണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട്‌  ഇബ്രാഹിം ഫൈസി ജെഡിയാറും ജനറല്‍ സെക്രട്ടറി റശീദ് ബെളിഞ്ചവും അഭ്യര്‍ത്ഥിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുവാവ് ക്രൂരമര്‍ദ്ധനത്തിനിരയായ അതേ സ്ഥലത്ത് തന്നെയാണ് നിരപരാധിയായ യുവാവ് കൊല്ലപ്പെട്ടതെന്നും ദൈനംദിനം ഏറി വരുന്ന ചേരി തിരിഞ്ഞുള്ള ഇത്തരം അക്രമങ്ങള്‍ മൂലം സമൂഹം അശാന്തിയിലേക്ക് നീങ്ങുകയാണെന്നും സമാധാനം നിലനിര്‍ത്തി മതസൗഹാര്‍ദ്ധം കാത്തു സൂക്ഷിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ശാഖാ തലങ്ങളില്‍ രംഗത്തിറങ്ങണമെന്നും ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.