Pages
▼
റഹ്മ ഗ്രീന്‍ മെസഞ്ചര്‍ പ്രയാണം തുടങ്ങി
കോഴിക്കോട്: മഴവെള്ളം സംഭരിച്ച് ഭൂമിയുടെ ദാഹമകറ്റുകയെന്ന സന്ദേശവുമായി റഹ്മ അന്താരാഷ്ട്ര പൊതുസേവന പദ്ധതിയുടെ 'ഗ്രീന്‍ മെസഞ്ചര്‍' പ്രയാണമാരംഭിച്ചു. രാവിലെ കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വനം മന്ത്രി ബിനോയ് വിശ്വം ഫ്‌ളാഗ് ഓഫ് ചെയ്തു. രൂക്ഷമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുന്ന കേരളത്തില്‍ ജലസംരക്ഷണ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന മൊബൈല്‍ പ്രദര്‍ശന വാഹനമാണ് ത്രീഡി ആകൃതിയില്‍ ഡിസൈന്‍ ചെയ്ത ഗ്രീന്‍ മെസഞ്ചര്‍.വന്‍മരങ്ങളും ചെടികളും പാറക്കെട്ടും ചേര്‍ന്ന പ്രകൃതിഭംഗി ത്രിമാന രീതിയില്‍ ആവിഷ്‌കരിച്ച ബസ്സാണ് ഇത്. അകം ഹോം തിയേറ്ററായി സജ്ജീകരിച്ചിട്ടുണ്ട്. റഹ്മ അന്താരാഷ്ട്ര പബ്ലിക് സര്‍വീസ് പ്രോജക്ടാണ് ദൗത്യവുമായി രംഗത്തെത്തിയത്. പ്രോജക്ടിന്റെ ഭാഗമിയി മിഴിതുറക്കാം, മഴയെ വരവേല്‍ക്കാം എന്ന പ്രമേയവുമായി ആരംഭിക്കുന്ന ആറുമാസത്തെ ഇക്കോ കാമ്പയിന്റെ ഭാഗമായാണ് ഗ്രീന്‍ മെസഞ്ചര്‍ പുറത്തിറക്കിയത്. പ്രകൃതി പരിപാലനത്തിനും മഴവെള്ള സംരക്ഷണത്തിനും ആഹ്വാനംചെയ്യുന്ന പോസ്റ്ററുകള്‍ ബസ്സിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. തടംകെട്ടിനിര്‍ത്തി വെള്ളം ഒഴുകാതെ സൂക്ഷിക്കുക, കുളങ്ങളും കായലുകളും സംരക്ഷിക്കുക തുടങ്ങിയ ആഹ്വാനങ്ങള്‍ ഗ്രീന്‍ മെസഞ്ചറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററികള്‍ ഹോം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഗ്രീന്‍ മെസഞ്ചര്‍ പ്രചാരണം നടത്തും. ലഘുലേഖയും വി.സി.ഡി.യും ഇതിനോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കും. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അധ്യക്ഷനായി. ടി.വി. ബാലന്‍, കമറുദ്ദീന്‍, ഡോ. അഹമ്മദ് ബാവപ്പ തുടങ്ങിയവര്‍ സംസാരിച്ചു.