സമസ്ത: പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു: വിജയം 94.45%

ഒന്നൊഴികെ റാങ്കുകള്‍ മുഴുവനും പെണ്‍കുട്ടികള്‍ക്ക് 


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2017 മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ 9698 മദ്‌റസകളില്‍ അഞ്ച്, ഏഴ്. പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ആകെ രജിസ്തര്‍ ചെയ്തിരുന്ന 2,23,151 വിദ്യാര്‍ത്ഥികളില്‍ 2,18,182 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,06,082 പേര്‍ വിജയിച്ചു (94.45%). 

അഞ്ചാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ കിഴിശ്ശേരി-കാരാട്ടുപറമ്പ് മുനീറുല്‍ ഇസ്‌ലാം മദ്‌റസയിലെ ശിഫാനമോള്‍ സി 500ല്‍ 495 മാര്‍ക്ക് നേടി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ തൃത്താല-ചിറ്റപ്പുറം മിസ്ബാഹുല്‍ ഹുദാ മദ്‌റസയിലെ ഷിദ ഫാത്വിമ സി 500ല്‍ 494 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ മങ്കടപള്ളിപ്പുറം-പുത്തന്‍വീട് അന്‍സ്വാറുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് റാസി കെ.പി. 500ല്‍ 493 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. 

അഞ്ചാം ക്ലാസില്‍ 51,788 ആണ്‍കുട്ടികളും, 51,000 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 46,263 ആണ്‍കുട്ടികളും 47,902 പെണ്‍കുട്ടികളും വിജയിച്ചു. 3,041 ഡിസ്റ്റിംങ്ഷനും, 10,045 ഫസ്റ്റ് ക്ലാസും, 10,024 സെക്കന്റ് ക്ലാസും, 71,055 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 94,165 പേര്‍ വിജയിച്ചു (91.61%). 

ഏഴാം ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഹലീമത്ത് ഫിദ്‌യ ടി.ടി. 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ ചളവറ-പുലിയാനംകുന്ന് ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ അര്‍ഷിദ കെ.കെ. 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ പുവ്വത്താണി-കോരംകോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്വിമ ശിബ്‌ല ടി.കെ. 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. 

ഏഴാം ക്ലാസില്‍ 38,498 ആണ്‍കുട്ടികളും 41,457 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 36,941 ആണ്‍കുട്ടികളും 40,741 പെണ്‍കുട്ടികളും വിജയിച്ചു. 11,601 ഡിസ്റ്റിംങ്ഷനും, 25,502 ഫസ്റ്റ് ക്ലാസും, 14,210 സെക്കന്റ് ക്ലാസും, 26,369 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 77,682 പേര്‍ വിജയിച്ചു (97.16%). 

പത്താം ക്ലാസില്‍ മലപ്പുറം ജില്ലയിലെ മൊറയൂര്‍-പാലീരി എടപ്പറമ്പ് ദാറുല്‍ ഹികം മദ്‌റസയിലെ ഫാത്തിമ ഫസ്‌ന പി 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, അതെ മദ്‌റസയിലെ നജിഹ ശറിന്‍ എം 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, പൊന്മള-വടക്കെമണ്ണ മദ്‌റസത്തുല്‍ഫലാഹിലെ ഫാത്വിമ ജിനാന്‍ സി.എച്ച് 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. 

പത്താം ക്ലാസില്‍ 15,215 ആണ്‍കുട്ടികളും 16,240 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 14,564 ആണ്‍കുട്ടികളും 15,897 പെണ്‍കുട്ടികളും വിജയിച്ചു. 932 ഡിസ്റ്റിംങ്ഷനും, 5,670 ഫസ്റ്റ് ക്ലാസും, 6,012 സെക്കന്റ് ക്ലാസും, 17,847 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 30,461 പേര്‍ വിജയിച്ചു (96.84%). 

പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ ചേറൂര്‍-അച്ചനമ്പലം ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ ശഹ്‌നാസ് പി 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര - മങ്ങാടംതൊടി മനാറുല്‍ഹുദാ മദ്‌റസയിലെ ഫബി ഫര്‍സാന വി.പി. 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം - ചെങ്ങളായി മദ്‌റസത്തുല്‍ ഇര്‍ശാദിലെ മുംതാസ് എസ്.പി. 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. 

പ്ലസ്ടു ക്ലാസില്‍ 1,996 ആണ്‍കുട്ടികളും 1,988 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 1,817 ആണ്‍കുട്ടികളും 1,957 പെണ്‍കുട്ടികളും വിജയിച്ചു. 171 ഡിസ്റ്റിംങ്ഷനും, 529 ഫസ്റ്റ് ക്ലാസും, 562 സെക്കന്റ് ക്ലാസും, 2,512 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 3,774 പേര്‍ വിജയിച്ചു (94.73%). 

ആകെ വിജയിച്ച 2,06,082 പേരില്‍ 15,745 പേര്‍ ഡിസ്റ്റിംഷനും, 41,746 പേര്‍ ഫസ്റ്റ് ക്ലാസും, 30,808 പേര്‍ സെക്കന്റ് ക്ലാസും, 1,17,783 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. 

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 222 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 176 പേരും, ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 119 കുട്ടികളില്‍ 109 പേരും വിജയിച്ചു. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി - ഉള്ളണം മദ്‌റസത്തുല്‍ ലത്വീഫിയ്യയില്‍ നിന്നാണ്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത 55 കുട്ടികളില്‍ 53 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി തലകാപ്പ് മസ്‌ലകുല്‍ ഇസ്‌ലാം മദ്‌റസയിലെ 23 പേരും വിജയിച്ചു. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 81,600 പേര്‍ വിജയം നേടി. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,056 പേര്‍ വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 726 പേരും വിജയിച്ചു. 

ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2017 ജൂലൈ 9ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്കും, പുനര്‍ മൂല്യനിര്‍ണയത്തിനും 120 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിച്ചുക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 24 ആണ്. 

മാര്‍ക്ക് ലിസ്റ്റ് ജൂണ്‍ 15ന് രാവിലെ 11 മണിക്ക് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. 

പരീക്ഷാ ഫലവും, ഫോറങ്ങളും www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. 

സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം നടത്തിയ പൊതുപരീക്ഷയുടെ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 

എന്ന്, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (ഒപ്പ്) (ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്) 
- SKIMVBoardSamasthalayam Chelari