സമസ്ത: പൊതുപരീക്ഷ; കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 15ന് ആരംഭിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മെയ് 15 മുതല്‍ ചേളാരി സമസ്താലയത്തില്‍ ആരംഭിക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ നിന്ന് പൊതുപരീക്ഷയില്‍ പങ്കെടുത്ത 2,23,151 കുട്ടികളുടെ പത്ത് ലക്ഷത്തോളം ഉത്തരപേപ്പറുകളാണ് പരിശോധിക്കാനുള്ളത്. ഇതിന് വേണ്ടി 18 സൂപ്രണ്ടുമാരെയും 906 മുഅല്ലിംകളെയും 9 ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മെയ് 19ന് ഉത്തരപേപ്പറുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ജൂണ്‍ 15ന് മുമ്പ് ഫല പ്രഖ്യാപനം ഉണ്ടാവും. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 15ന് രാവിലെ 9 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
- SKIMVBoardSamasthalayam Chelari