ഏകസിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം- സമസ്ത

കോഴിക്കോട്: ഏകസിവില്‍കോഡുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമകമ്മിഷന്‍ പൊതുജനാഭിപ്രായം തേടിയതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കാതെ ഏകീകൃതസിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയപ്രേരിതമായ തിടുക്കം കാട്ടുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ ‘വിശ്വാസ സ്വാതന്ത്ര്യം’ അടിസ്ഥാനതത്വമായി അംഗീകരിക്കപ്പെട്ടതാണ്. അതേസമയം ഏക സിവില്‍കോഡിന് പരിശ്രമിക്കാന്‍ ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന 44ാം വകുപ്പ് ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഇത് ഭരണഘടന അടിസ്ഥാന തത്വമായി അംഗീകരിച്ച ‘മതസ്വാതന്ത്ര്യ’ത്തിന് വിരുദ്ധമാണെന്ന് നിയമനിര്‍മാണവേളയില്‍ തന്നെ മുസ്‌ലിം നേതാക്കളും സാമാജികരും ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിംകളെയല്ല ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും വ്യക്തിനിയമങ്ങളെ കുറിച്ച് പ്രത്യേകം നിയമങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണെന്നുമാണ് ഭരണഘടനാശില്‍പ്പികള്‍ അന്ന് നല്‍കിയ വ്യാഖ്യാനം. ഈ ഉറപ്പിന്റെ ലംഘനമാണ് മുസ്‌ലിംകളുടെ മേല്‍ ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം. എന്തു വിലകൊടുത്തും ഇത് പ്രതിരോധിക്കേണ്ടതുണ്ട്. പ്രശ്‌നത്തില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്.
മതേതര രാജ്യത്തില്‍ മുത്വലാഖിന് പ്രസക്തിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കൈകൊണ്ട നിലപാട് മുസ്‌ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് മുസ്‌ലിം വ്യക്തിനിയമം. ഇത് ഭരണഘടന നല്‍കുന്ന അവകാശമാണ്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ നിലനില്‍കുന്ന അവകാശത്തിന് മേല്‍ കടന്നുകയറുന്നത് ആപത്കരമായ പ്രവണതയാണ്. ഇത് ഏകസിവില്‍കോഡിലേക്കുള്ള നീക്കത്തിന്റെ ആദ്യപടിയാണ്. മതേതരത്വം സംബന്ധമായ പരാമര്‍ശം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. മതേതരത്വമെന്നത് ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമാണ്. 1937 മുതല്‍ നിലവില്‍ വന്ന ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് സ്വതന്ത്ര്യാനന്തരവും തുടര്‍ന്ന് പോന്നിട്ടുണ്ട്. മതേതരരാജ്യത്ത് ഏഴ് പതിറ്റാണ്ട് കാലത്തോളം മതനിയമങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുകയും ചെയ്തു. ഇതിനെ എതിര്‍ക്കുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുമായി ബന്ധപ്പെടുത്തി മുത്വലാഖിനെ വ്യഖ്യാനിക്കാനുള്ള നീക്കവും ശരിയല്ല. മതനിയമങ്ങളുടെ സ്രോതസ് ഖുര്‍ആനും ഹദീസുമാണ്. എന്നിരിക്കേ അവകളെ അവഗണിച്ചുള്ള നിയമനിര്‍മാണം മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.  -സുപ്രഭാതം

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്: ബഹ്റൈന്‍ പ്രതിനിധി സംഘം പുറപ്പെട്ടു

മനാമ: അബൂദാബിയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന  ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ നിന്നുള്ള പ്രതിനിധി സംഘം പുറപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് ഉമറുല്‍ ഫാറൂഖ് ഹുദവി, സെക്രട്ടറി മജീദ് ചോലക്കോട് എന്നിവരടങ്ങുന്ന 10 അംഗ സംഘമാണ് കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നിന്നും യാത്ര തിരിച്ചത്. 
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വില്ല്യാപ്പള്ളി ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാന്പില്‍ എസ്.കെ.എസ്.എസ്.എഫ്  കേരള സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്. -സുപ്രഭാതം