മദ്‌റസ വിദ്യാഭ്യാസം; സമസ്തയുടെ പങ്ക് നിസ്തുലം: വൈസ് ചാന്‍സലര്‍

ചേളാരി: മദ്‌റസ വിദ്യാഭ്യാസത്തിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പങ്ക് നിസ്തുല്യമാണെന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ നടക്കുന്ന പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ വ്യവസ്ഥാപിതമായി നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പ് ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും ഇത് സമസ്തക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധന എങ്ങിനെ കുറ്റമറ്റതാക്കാന്‍ കഴിയുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നടത്തിപ്പുകാരെല്ലാം. ഇത് മാതൃകയായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂല്യനിര്‍ണയ ക്യാമ്പ് സംവിധാനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ടി. അലിബാവ, കെ. ഹംസക്കോയ, കെ. സി. അഹ്മദ് കുട്ടി മൗലവി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എ. ടി. എം. കുട്ടി മൗലവി തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ധേഹത്തെ സ്വീകരിച്ചു.
ഫോട്ടോ: ചേളാരിയില്‍ നടക്കുന്ന സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ സന്ദര്‍ശിക്കുന്നു.
- SKIMVBoardSamasthalayam Chelari