സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് സമാപിച്ചു

ചേളാരി: മെയ് 23 മുതല്‍ ചേളാരി സമസ്താലയത്തില്‍ നടന്നുവന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സമാപിച്ചു. മെയ് 11, 12 തിയ്യതികളില്‍ ഇന്ത്യക്കകത്തും 13,14 തിയ്യതികളില്‍ വിദേശങ്ങളിലുമായി നടത്തിയ പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനയാണ് അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയത്. സമസ്തയുടെ 9603 അംഗീകൃത മദ്‌റസകളില്‍ നിന്നായി 2,29,023 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരുന്നത്. പത്ത് ലക്ഷത്തോളം പേപ്പറുകളാണ് 877 അധ്യാപകര്‍ അഞ്ച് രാപ്പലുകള്‍ എടുത്ത് പരിശോധന നടത്തിയത്. ഓരോ ഡിവിഷനിലും രണ്ട് സൂപ്രവൈസര്‍മാരെയും ഒരു ചെക്കിംഗ് ഇന്‍സ്‌പെക്ടറെയും നിയമിച്ചിരുന്നു. ഒരു മദ്‌റസ പൊതുപരീക്ഷക്ക് ഇത്രയധികം കുട്ടികള്‍ പങ്കെടുക്കുന്നത് ലോകത്ത് മറ്റൊരിടത്തും കാണില്ല. കുറ്റമറ്റ സംവിധാനമാണ് മൂല്യനിര്‍ണയത്തിനായി ഒരുക്കിയിരുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെ അക്കാദമിക് രംഗത്തെ പല പ്രമുഖരും സമസ്ത പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയിരുന്നു. പരീക്ഷ നടത്തിപ്പും കുറ്റമറ്റ മൂല്യനിര്‍ണയ സംവിധാനത്തെയും ഇവര്‍ പ്രശംസിക്കുകയുണ്ടായി.
ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നാഴ്ചക്കകം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനാകും. പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും സഹകരിച്ച എല്ലാവരെയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അഭിനന്ദിച്ചു.
- SKIMVBoardSamasthalayam Chelari