സമസ്ത 90-ാം വാര്‍ഷികം; ഏറ്റവും വലിയ പഠന ക്യാമ്പിന് ആലപ്പുഴ സാക്ഷിയാവും

25000 പ്രതിനിധികൾ ചതുര്‍ദിന പഠന ക്യാമ്പില്‍ പങ്കെടുക്കും 
ചേളാരി: 2016 ഫെബ്രു 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പഠന ക്യാമ്പായി സ്ഥാനം പിടിക്കും. ക്യാമ്പ് പ്രതിനിധികളുടെ റജിസ്‌ത്രേഷന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായി. 25000 പ്രതിനിധികളാണ് ചതുര്‍ദിന പഠന ക്യാമ്പില്‍ പങ്കെടുക്കുക. 
വിവിധ ജില്ലകളില്‍ റൈഞ്ചുകള്‍ കേന്ദ്രീകരിച്ച് റജിസ്‌ത്രേഷന്‍ നടന്നുവരുന്നു. പഠനാര്‍ഹമായ ക്ലാസുകള്‍ കൊണ്ടും പുതുമകള്‍ കൊണ്ടും വ്യത്യസ്ഥമാകുന്നതുമായിരിക്കും ആലപ്പുഴയില്‍ നടക്കുന്ന പഠന ക്യാമ്പ്. സ്ഥാപന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം മേലാധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റുകള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ക്യാമ്പ് പ്രതിനിധികളുടെ ബയോഡാറ്റ ഫോറം പൂരിപ്പിച്ച് 2016 ജനുവരി 10 നകം കേന്ദ്ര സ്വാഗതംഘം ഓഫീസില്‍ എത്തിക്കേണ്ടതാണ്. ക്യാമ്പ് പ്രതിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ക്യാമ്പ് സബ്കമ്മിറ്റി യോഗത്തില്‍ കെ. ഉമര്‍ ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പി. ഹസ്സന്‍ മുസ്‌ലിയാര്‍, പി.എം കോയ മുസ്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.