വിശ്വാസികള്‍ ഒഴുകിയെത്തി; സമസ്‌ത ബഹ്റൈന്‍ ദ്വിദിന പ്രഭാഷണപരമ്പരക്ക്‌ പ്രൌഢോജ്ജ്വലസമാപനം

 മനാമ: പാക്കിസ്ഥാന്‍ ക്ലബിന് ഉള്‍ക്കൊള്ളാനാവാത്ത വിധം ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്തെ സാക്ഷി നിര്‍ത്തി സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന പ്രഭാഷണ പരന്പരക്ക് പ്രൌഢോജ്ജ്വല പരിസമാപ്‌തി. 
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ മുഹര്‍റം ദശദിന കാന്പയിന്‍ സമാപനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രമുഖ വാഗ്‌മി നൗഷാദ് ബാഖവിയുടെ പ്രഭാഷണ പരിപാടിയുടെ സമാപന ദിനത്തിലാണ് സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് വിശ്വാസികള്‍ ഒഴുകിയെത്തിയത്. സ്‌ത്രീ പുരുഷ ഭേദമന്യെ ഒഴുകിയെത്തിയ ആയിരങ്ങളെ ഉള്‍ക്കൊള്ളാനാവാതെ പാക്കിസ്ഥാന്‍ ക്ലബ്ബ് അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു 
(ജീവിതം സാക്ഷി പറയുന്നു) എന്ന ബാനറില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പര പൂര്‍ണ്ണമായും പ്രവാസികളുമായി ബന്ധപ്പെടുത്തിയുള്ള അവതരണമായിരുന്നതിനാല്‍ പാതിരാ വരെ നീണ്ട പ്രഭാഷണവും തുടര്‍ന്നുള്ള കൂട്ടു പ്രാര്‍ത്ഥനയും അവസാനിച്ചാണ് വിശ്വാസികള്‍ പിരിഞ്ഞത്. 
ഇഹലോകത്തെ ജീവിതം പരലോകത്ത് സാക്ഷിപറയുമെന്ന ചിന്തയോടെ നാം ജീവിക്കണമെന്നും തന്‍റെ സ്വകാര്യ നിമിഷങ്ങളെല്ലാം അല്ലാഹുവിന്‍രെ പ്രീതിയില്‍ തന്നെയാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നും ബാഖവി ഓര്‍മ്മിപ്പിച്ചു.
സച്ചരിതരായ നമ്മുടെ പൂര്‍വ്വികര്‍ മറ്റുള്ളവര്‍ കാണാതെ, സ്വകാര്യ സമയങ്ങളില്‍ കൂടുതല്‍ ആരാധനാ കര്‍മ്മങ്ങളിലും ദൈവ സ്മരണകളിലുമാണ് ജീവിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ സ്വകാര്യ നിമിഷങ്ങള്‍ ഹറാമായ(നിശിദ്ധമായ) രീതിയിലാണിന്ന് പുതുതലമുറ ചിലവഴിക്കുന്നതെന്നും ഇത് ബന്ധപ്പെട്ടവരെല്ലാം ഗൗരവമായി കാണണമെന്നും ബാഖവി പറഞ്ഞു.
ദ്വിമുഖം കാണിക്കുന്ന കപടന്മാര്‍, അഹങ്കാരികള്‍, അസൂയവെക്കുന്നവര്‍, പുരുഷവേഷധാരിണികള്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍ തുടങ്ങി സ്വജീവിതം പരലോകത്ത് പ്രതികൂലമായി സാക്ഷിപറയുന്ന ഹതഭാഗ്യര്‍ ഏറെയുണ്ടെന്നും വിശ്വാസികള്‍ക്ക് അത്തരം സ്വഭാവങ്ങള്‍ പാടില്ലാത്തതാണെന്നും ബാഖവി വിശദീകരിച്ചു.

മനസ്സില്‍ അഹങ്കാരം വളര്‍ന്നു തുടങ്ങിയാല്‍ അത് ഉടനെ തടയണമെന്നും ഇല്ലെങ്കില്‍ അത് മറ്റുള്ളവരെ നിന്ദിക്കാനും ധിക്കരിക്കാനും വരെ കാരണമാകും. സ്വഹാബികള്‍ക്കിടയില്‍ അഹങ്കാരം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നബി(സ) തന്നെ രംഗത്തിറങ്ങിയിരുന്നു. ശക്തനും പോരാളിയായ അലി(റ)ന് അദ്ധേഹത്തേക്കാള്‍ വലിയ ശക്തനും പോരാളിയും വേറെയുമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ നബി(സ) മുഖം മൂടി അണിഞ്ഞു അലി(റ)യുമായി പോരാടിയ ചരിത്രവും അദ്ധേഹം വിശദീകരിച്ചു.

പ്രവാസികളാണെങ്കിലും സുകൃതങ്ങള്‍ ചെയ്യാന്‍ ധാരാളം അവസരങ്ങളിവിടെയുണ്ടെന്നും അല്ലാഹുവിന്‍െറ മുന്പില്‍ ഒഴിവുകഴിവുകള്‍ പറയാനാവില്ലെന്നും ഭൂമിയില്‍ നമുക്ക് ലഭിച്ച സമയവും ആരോഗ്യവും സന്പത്തും എങ്ങിനെ ചില വഴിച്ചുവെന്ന് അല്ലാഹു തീര്‍ച്ചയായും ചോദ്യം ചെയ്യുമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.

മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നും അതു നമുക്ക് നാശമാണെന്നും ബാഖവി കൂട്ടിച്ചേര്‍ത്തു. 

ഇന്ന് ഗള്‍ഫില്‍ നല്ല ജോലിയില്‍ ഭാര്യയും മക്കളുമായി കഴിയുന്നവര്‍ തങ്ങളുടെ പഴയ കാലം ഓര്‍ക്കണം. അന്ന് ഗള്‍ഫിലേക്ക് പുറപ്പെടുന്പോള്‍ മാതാവ് നല്‍കിയ അനുഗ്രഹവും ഹൃദയാന്തരങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനയുമാണ് ഇന്നും നമുക്ക് ശക്തി നല്‍കുന്നത്. അത് നഷ്ടപ്പെട്ടാല്‍ എല്ലാം തകരും. അതിനാല്‍ ചെറുപ്പത്തില്‍ നമുക്ക് സാന്ത്വനം പകര്‍ന്ന മാതാപിതാക്കള്‍ക്ക് ഇന്ന് നാം സാന്ത്വനം പകരണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം ദിനത്തിലെ ചടങ്ങ്‌ സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി മുസ്ഥഫ അശ്റഫി കക്കുപ്പടി മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്‍ററിനെ കുറിച്ച് വിശദീകരിച്ചു.വൈ.പ്രസി. സലീംഫൈസി പന്തീരിക്കര അദ്ധ്യക്ഷത വഹിച്ചു. ഹബീബ് റഹ് മാന്‍ വേങ്ങൂര്‍ (ഷിഫ അല്‍ ജസീറ) ആശംസകളര്‍പ്പിച്ചു.

ജന.സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും മുസ്ഥഫ കളത്തില്‍ നന്ദിയും പറഞ്ഞു. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയുടെ നേതൃത്വത്തില്‍ പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
Programme Live Record. For More Record Pls visit: http://sunni-gallery.blogspot.com/