ഇഹപര വിജയത്തിന് ആത്മീയതയെ മുറുകെ പിടിക്കുക: അബ്ദുസമദ് പൂക്കോട്ടൂർ

ദോഹ: മനുഷ്യന്റെ ഇഹപര വിജയത്തിന് ആത്മീയതയെ മുറുകെ പിടിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു എസ്. വൈ. എസ് സംസ്ഥാന സെക്രടറിയും ഉജ്ജ്വല വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂർ. ആത്മീയത ലഭിക്കണമെങ്കില്‍ ആത്മീയത കണ്ടെത്തിയവരെ കാണാനും ഓര്‍ക്കാനും കഴിയണം. മുസ്‌ലിംകളില്‍ ഉന്നതരായ പദവി അലങ്കരിക്കുന്നവരുമായി ആത്മീയ ബന്ധം പുലർത്തുകയും അവരിലൂടെ നമ്മുടെ ഇഹപര ജീവിതം വിജയിപ്പിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടതെന്നും അദ്ദേഹം ഉണർത്തി. 

മുസ്‌ലിം ന്യൂനപക്ഷമായ കേരളം മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയപരമായും വ്യതിരക്തമാകുന്നതും ആത്മീയ നേതൃത്വത്തിന്റെ പക്വമായ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ്. പതിനായിരത്തോളം മദ്രസകളും അറബിക് കോളേജുകളും, മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനങ്ങളും പടുത്തുയർത്തി മലയാളി മുസ്ലിംകൾക്ക് ധാർമികതയുടെ മൂല്ല്യങ്ങള് നുകർന്ന് കൊടുക്കുകയാണ് ആത്മീയ പ്രസ്ഥാനമായ സമസ്തകേരള ജംഇയ്യത്തുൽ ഉലമ ഒമ്പത് പതിറ്റാണ്ടുകളായി ചെയ്തുപോരുന്നതെന്നും സമസ്തക്ക് കരുത്ത് പകരാൻ നാം തയ്യാറാകണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. 

എസ്. കെ. എസ്. എസ്. എഫ് ഖത്തർ നാഷണൽ കമ്മിറ്റി കേരള ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച സ്വീകരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഖത്തർ എസ്. കെ. എസ്. എസ്. എഫ് ജനറൽ സിക്രട്ടറി മുനീർ ഹുദവി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് മുനീർ നിസാമി കാളാവ് അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റർ ജനറൽ സിക്രട്ടറി ഇസ്മായിൽ ഹുദവി സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഹാജി ചങ്ങരംകുളം, ഹസ്സൻ ഹാജി കാലടി, കെ. കെ. മൊയ്തു മൗലവി, ഹുസൈൻ റഹ്മാനി, ശരഫുദ്ധീൻ ദാരിമി, ബഹാവുദ്ധീൻ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. വിഖായ സന്നദ്ധ വിംഗിന്റെ പ്രവർത്തനങ്ങൾ ക്യാപ്റ്റൻ അസീസ്‌ പേരാൽ അവതരിപ്പിച്ചു. സുബൈർ ഫൈസി കട്ടുപാറ മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി.
- Aslam Muhammed