വിജയം തുടര്‍ക്കഥയാക്കി റാശിദും ഫൈസലും

തളങ്കര: അന്തര്‍ സംസ്ഥാന ജില്ലാതല മത്സരങ്ങളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം നേടി മാലികാ ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമാവുന്നു. അക്കാദമി ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥി റാശിദ് നീലേശ്വരവും സീനിയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി ഫൈസല്‍ ചപ്പാരപ്പടവുമാണ് നേട്ടങ്ങള്‍ കൊയ്ത് കാമ്പസിന്റെ അഭിമാനമായി മാറിയത്. 

കുട്ടിക്കാലത്ത് തന്നെ മികച്ച പ്രതിഭകളായിരുന്ന ഇരുവരും കാമ്പസിന് പുറത്തെ വിവിധ മത്സരങ്ങളിലായി ഒത്തിരി സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ സെക്കന്ററി ഫൈനലില്‍ മൂന്നാം റാങ്കും സീനിയര്‍ സെക്കന്ററി ഫൈനലില്‍ രണ്ടാം റാങ്കും റാശിദിനായിരുന്നു. സെക്കന്ററി ഫൈനലില്‍ ഫൈസലും നാലാം റാങ്ക് നേടിയിട്ടുണ്ട്.

പരീക്ഷകള്‍ക്ക് പുറമെ ക്വിസ് പ്രോഗ്രാമുകളും ഇരുവരുടെയും ഇഷ്ട ഇനമാണ്. ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ ക്വിസ് മത്സരത്തിലും 'ടാലന്റ് ഹണ്ടി'ലും ഒന്നാം സ്ഥാനം നേടാനും 'അല്‍ഹിക്മ' സംസ്ഥാനതല ഖുര്‍ആന്‍ ക്വിസില്‍ ഫൈനലിസ്റ്റാവാനും റാശിദിനായി. 

ദര്‍ശന ചാനല്‍ നടത്തിയ 'സവാലേ ജവാബ'് ക്വിസ് കോംപിറ്റീഷനിലും പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി നടത്തിയ 'വിസ്ഡം ഫൈറ്റ്' ക്വിസ് മത്സരത്തിലും കൊക്കച്ചാല്‍ വാഫി കോളേജ് നടത്തിയ 'ബ്രെയിന്‍ റോക്കിങ്ങ'് ക്വിസ് കോണ്‍ടസ്റ്റിലും താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് നടത്തിയ 'മൈല്‍സ് ടു ഗോ' ക്വിസ് മത്സരത്തിലും റണ്ണറപ്പായത് ഇരുവരുമണിനിരന്ന ടീമാണ്. ഏറ്റവുമൊടുവില്‍ തളിപ്പറമ്പ് ദാറുല്‍ ഫവാഹ് ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന സംസ്ഥാന സര്‍ഗലയത്തില്‍ സീനിയര്‍ വിഭാഗം ക്വിസില്‍ റാശിദും ജൂനിയറില്‍ ഫൈസലുമാണ് ജേതാക്കളായത്.

ജനറല്‍ ഇസ്‌ലാമിക ക്വിസ് മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഇരുവര്‍ക്കും ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. ഐ.എ.സ്, ഐ.എഎഫ്.സ് തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് ഇവര്‍ ഇപ്പോള്‍ തന്നെ ഒരുക്കം തുടങ്ങിയിട്ടുണ്ട്. റാശിദ് നീലേശ്വരം പെരുമ്പട്ട സ്വദേശി അബൂബക്കര്‍ മുസ്‌ലിയാര്‍ ഫൗസിയ ദമ്പതികളുടെ മകനും ഫൈസല്‍ ചപ്പാരപ്പടവ് പെരുവണ സ്വദേശി ഇബ്രാഹിം ഒ.സി സെക്കീന ദമ്പതികളുടെ മകനുമാണ്. 
- malikdeenarislamic academy