മനുഷ്യജാലിക; ജില്ലയിലെ പള്ളികളില്‍ പ്രമേയ പ്രഭാഷണം ഇന്ന് (വെള്ളി)

വയനാട് : 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തില്‍ പനമരത്ത് നടത്തുന്ന മനുഷ്യജാലികയുടെ പ്രമേയ പ്രഭാഷണം ഇന്ന് ജുമുഅക്ക് ജില്ലയിലെ മുഴുവന്‍ പള്ളികളിലും നടക്കും. ഫാഷിസ്റ്റ് ശക്തികള്‍ വര്‍ഗ്ഗീയതയുടെ പത്തി വിടര്‍ത്തി ആടുകയും, അധികാര കേന്ദ്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കുകയും രാജ്യത്തിന്റെ മതേതരത്വവും മത സൗഹാര്‍ദ്ദവും കളങ്കപ്പെടുത്തുകയും ചെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യ ജാലികയുടെ പ്രാധാന്യം വര്‍ദ്ധിച്ച് വരികയാണ്. 

ഈ മണ്ണിന്റെ മഹിതമായ പാരമ്പര്യം പറഞ്ഞ് പ്രചരിപ്പിക്കുകയും, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ കപടമുഖം തുറന്നു കാണിക്കുകയും, യുവതലമുറയെ ഈ വിപത്തിനെക്കുറിച്ച് ബോധവത്ക്കരിക്കുകയും, മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയുമാണ് മനുഷ്യജാലികയുടെ ലക്ഷ്യം. 26 ന് വൈകുന്നേരം 4ന് കരിമ്പുമ്മല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന റാലി പനമരത്ത് ജാലിക തീര്‍ക്കും. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.ടി ഹംസ മുസ് ലിയാര്‍ അധ്യക്ഷനാവും. മിര്‍ശാദ് യമാനി ചാലിയം മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ജില്ലയിലെ പ്രമുഖ മത-സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുക്കും.
- Shamsul Ulama Islamic Academy VEngappally